കോഴിക്കോട്: നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന നഗരത്തിലെ പ്രധാന റോഡുകൾ പൊട്ടിത്തകർന്ന് കുളമായി കിടക്കുന്പോൾ , നഗരസഭയുടെ അറിവോടെ വീടുകളിലേക്കുള്ള ടാറിംഗ് തകൃതി. വാർഡ് ഫണ്ടിന്റെ മറവിലാണ് സ്വകാര്യവ്യക്തികളുടെ വീടുകളിലേക്ക് ടാറിംഗ് നടത്തിക്കൊടുക്കുന്നത്.
ഏറെ വാഹനങ്ങൾ കടന്നുപോകുന്നതും നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്നതുമായ സിവിൽസ്റ്റേഷൻ- കോട്ടൂളി റോഡിന്റെ വിവധഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്പോൾ,ഇതിനടുത്ത ഇടവഴികളിൽ കഴിഞ്ഞദിവസം ടാറിങ്ങ് പൂർത്തിയാക്കി.
വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾ ഉപയോഗിക്കുന്ന റാക്സ് റോഡിനോടു ചേർന്ന് സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കും ഇതിനൊപ്പം ടാറിംഗ് നടത്തി. റാക്സ് റോഡ് ആകെയുള്ള 125 മീറ്റർ നീളത്തിൽ ടാർചെയ്യാൻ വാർഡ് കൗൺസിലർ അനുമതി നൽകിയതായാണ് നഗരസഭയുടെ രേഖകളിലുള്ളത്. എന്നാൽ ഇവിടെ 225 മീറ്റർ ടാറിംഗ് നടത്തിയെന്നാണ് കരാറുകാരൻ പറയുന്നത്.
വ്യാഴാഴ്ച നടന്ന ടാറിംഗിൽ റോഡിനുപുറമെ വീടുകളിലേക്കും മീറ്റർ കണക്കിന് ഭാഗം ടാർ ചെയ്തിരുന്നു. ഇന്ന് മറ്റു രണ്ട് വീടുളിലേക്കുള്ള അൻപത് മീറ്റർ ഭാഗം ടാറിംഗ് പ്രവൃത്തി നടക്കുന്നുണ്ട്. നഗരസഭാ പ്രവൃത്തികളുടെ മറവിൽ വീടുകളിലേക്ക് ടാർചെയ്യുന്നത് നിയമവിരുദ്ധമാണെന്നും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു.
രേഖകളിലുള്ളതിനേക്കാൾ ടാറിംഗ് നടന്നിട്ടുണ്ടെങ്കിൽ കരാറുകാരനെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം സ്വകാര്യവ്യക്തികൾ പണം നൽകി ടാറിംഗ് നടത്തുകയാണെന്നാണ് കരാറുകാരൻ പറയുന്നത്. ഇതിനായി നീല കളറിലുള്ള ഏതാനും ടാർവീപ്പകൾ ഇറക്കിയിട്ടുണ്ട്. പണം വാങ്ങി സ്വകാര്യ പ്രവർത്തികൾ നടത്താറുണ്ടെന്നും കരാറുകാരൻ പറഞ്ഞു.
എന്നാൽ വ്യഴാഴ്ച റോഡ് ടാറിംഗ് കഴിഞ്ഞതിനുശേഷം അതേ തൊഴിലാളികൾതന്നെ വീടുകളിലേക്കുള്ള റോഡിന്റെ പ്രവർത്തി നടത്തിയതായി നാട്ടുകാർ നഗരസഭയെ അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ നിർദേശപ്രകാരം എഞ്ചിനിയറിങ്ങ് വിഭാഗം ഇന്ന് റോഡിൽ പരിശോധന നടത്തും. 125 മീറ്റർ ടാറിംഗ് എങ്ങനെ 225 മീറ്ററായി എന്നതും സെക്രട്ടറി അന്വേഷിക്കും.