അലൻയ (തുർക്കി): ഇന്ത്യയുടെ സീനിയർ വനിതാ ഫുട്ബോൾ ടീം ദക്ഷിണ ഏഷ്യക്കു പുറത്തുള്ള ആദ്യ അന്താരാഷ്ട്ര കിരീട നേട്ടത്തിനരികെ. ടർക്കിഷ് വനിതാ കപ്പിൽ രണ്ടാം ജയം നേടിയതോടെയാണ് ഇന്ത്യയെ ചരിത്രനേട്ടം കാത്തിരിക്കുന്നത്.
നാലു ടീമുകളുള്ള ചാന്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 2-0ന് ഹോങ്കോംഗിനെ പരാജയപ്പെടുത്തി. അഞ്ജു തമാംഗ് (19’), സൗമ്യ ഗുഗുലോത്ത് (79’) എന്നിവരാണ് ഗോൾ നേടിയത്. സാഫ് കപ്പ് അഞ്ചു തവണയും സൗത്ത് ഏഷ്യൻ ഗെയിംസിൽ മൂന്നു സ്വർണ മെഡലും നേടിയിട്ടുള്ള ഇന്ത്യ മറ്റൊരു അന്താരാഷ്ട്ര ചാന്പ്യൻഷിപ്പ് നേടിയിട്ടില്ല.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എസ്റ്റോണിയയെ തോൽപ്പിച്ചിരുന്നു. 27ന് കൊസോവോയെ തോൽപ്പിക്കാനായാൽ ഇന്ത്യക്കു കിരീടമുയർത്താം. കൊസോവോയ്ക്കും ഇന്ത്യക്കും ആറു പോയിന്റ് വീതമാണ്. ഗോൾവ്യത്യാസത്തിൽ കൊസോവോയാണ് ഒന്നാമത്.