ഇരിങ്ങാലക്കുട: അധികൃതരുടെ ഉത്തരവ് അവഗണിച്ചു വീണ്ടും പ്രവർത്തനം തുടങ്ങിയ ടാർ മിക്സിംഗ് യൂണിറ്റ് നിർത്തിവപ്പിക്കാനെത്തിയ നഗരസഭ അധികൃതർ നിരാശരായി മടങ്ങി.
നഗരസഭ നൽകിയ സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ ടാർ മിക്സിംഗ് യൂണിറ്റ് ഉടമസ്ഥർ ഹൈക്കോടതിയിൽ നിന്നും വാങ്ങിയ സ്റ്റേ ഓർഡറിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ നിരാശരായി മടങ്ങിയത്.
എന്നാൽ സ്റ്റേ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും പരിസരവാസികളോടു നഗരസഭ അധികൃതർ വിശദീകരിച്ചു.
നഗരസഭ 27-ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന ടാർ മിക്സിംഗ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവെക്കാൻ 27, 28 വാർഡിലെ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി ഈ മാസം 24 നു ഉത്തരവിട്ടിരുന്നു.
ഉത്തരവ് ലംഘിച്ച് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി പരിസരവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സണ്‍ സോണിയഗിരി, 28-ാം വാർഡ് അംഗം കെ.എം. സന്തോഷ് എന്നിവർ സ്ഥലത്തെത്തിയത്.
എന്നാൽ എല്ലാ വ്യവസ്ഥകളും പാലിച്ച് നഗരസഭയുടെയും പൊലൂഷൻ കണ്‍ട്രോളിന്റെയും അംഗീകാരത്തോടെയാണു യൂണിറ്റ് പ്രവർത്തിക്കുന്നതെന്ന് ടാർ മിക്സിംഗ് യൂണിറ്റ് ഉടമസ്ഥർ അറിയിച്ചു.
നഗരസഭാ അധികൃതർ നല്കിയ സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ ഹൈക്കോടതി ട്രിബ്യൂണലിൽ നിന്നും സ്റ്റേ നേടിയിട്ടുണ്ടെന്നും പണി തടസപ്പെടുത്തിയവർക്കെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിനു കേസ് നല്‍കുമെന്നും ഉടമ പറഞ്ഞു.
പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവനും സ്ഥലത്തെത്തിയിരുന്നു. വിഷയം ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ അടിയന്തിരമായിപ്പെടുത്തണമെന്നു നാട്ടുകാർ നഗരസഭാ അധികൃതരോടു ആവശ്യപ്പെട്ടു.
അതേസമയം പ്ലാന്റ് നിർമാണത്തിനു 2019 ഡിസംബർ 20 നു നഗരസഭാ കൗണ്‍സിലിൽ അനുമതി നല്‍കിയിട്ടുള്ളതാണെന്നും 2019-20, 2020-21 വർഷങ്ങളിൽ ലൈസൻസ് നല്‍കിയിട്ടുണ്ടെന്നും നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു.