
ചാലക്കുടി: നോർത്ത് ജംഗ്ഷനിൽ നിലവിലുണ്ടായിരുന്ന ബസ് ഷെൽട്ടർ പൊളിച്ചുമാറ്റിയ സ്ഥാനത്ത് ഡിവൈഎഫ്ഐ താൽക്കാലിക ബസ് ഷെൽട്ടർ നിർമിച്ച് കൊടികൾ നാട്ടി. “ദിസ് സൈറ്റ് ഫോർ ബസ് ഷെൽട്ടർ ഡിവൈഎഫ്ഐ’ എന്ന ബോർഡും കൊടികളും ഇവിടെ സ്ഥാപിച്ചിരിക്കുകയാണ്.
ഇവിടെ ബസ് ഷെൽട്ടർ ചാലക്കുടി സർവീസ് സഹകരണ ബാങ്കിന്റെ ധനസഹായത്തോടെ ആധുനിക രീതിയിൽ പണിയാൻ നഗരസഭയോഗം തീരുമാനിച്ചതായിരുന്നു.
ഇതിനു പിന്നാലെയാണ് രാത്രിയുടെ മറവിൽ ബസ് ഷെൽട്ടർ പൊളിച്ച് അൽപ്പം അകലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സമീപത്ത് പുതിയ ബസ് ഷെൽട്ടർ ഉയർന്നത്.
ഇത് വിവാദമായതോടെ നഗരസഭ ഭരണം നടത്തുന്ന ഇടതുമുന്നണി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് നേരത്തെയുണ്ടായിരുന്ന ബസ് ഷെൽട്ടർ പുനസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.
കഴിഞ്ഞദിവസം രാത്രി പുതുതായി നിർമിച്ച ബസ് ഷെൽട്ടർ ഡിവൈഎഫ്ഐക്കാർ പൊളിച്ചുമാറ്റുകയും ചെയ്തു. നിലവിലുള്ള ബസ് ഷെൽട്ടർ ഇതിനു സമീപത്തുള്ള സ്ഥലത്തിന്റെ മുൻവശത്ത് പണിയാൻ പാടില്ലെന്ന് കാണിച്ച് സ്ഥലഉടമ നൽകിയ ഹർജിയിൽ നിർമാണ നിരോധനത്തിന് ഉത്തരവായിട്ടുണ്ട്.
മുനിസിപ്പൽ തീരുമാനത്തിന് വിരുദ്ധമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബസ് ഷെൽട്ടർ നിർമിക്കുന്നതിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.