ചിറ്റൂർ: നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റിനു താഴെ പതിനഞ്ചടി താഴ്ചയിൽ രണ്ടു പ്ലാസ്റ്റിക് കുടിലുകളിലായി ഏഴുകുഞ്ഞുങ്ങൾ ഉൾപ്പെടെ പന്ത്രണ്ടുപേർ നരകതുല്യമായി ജീവിക്കുന്നു.
കാടുപിടിച്ച സ്ഥലം ശുചീകരിച്ചാണ് മൂന്നടിപൊക്കത്തിൽ ടാർപോളിൻകൊണ്ട് മറച്ച് കോഴിക്കൂടുപോലെ കുടിലുകൾ ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്നാട് കമ്മിഗിര സ്വദേശികളായ അരുണാചലം, രവി എന്നിവരും കുടുംബവുമാണ് കുടിലുകളിലെ താമസക്കാർ.
സഹോദരങ്ങളായ ഇവരും ഭാര്യമാരും പ്രായാധിക്യമുള്ള വയോധികയും ഇരുസഹോദരങ്ങൾക്കുമുള്ള ഏഴുമക്കളുമാണ് എട്ടുവർഷമായി ഈ കൂടാരത്തിൽ കഴിയുന്നത്. അടുക്കളയിൽ വിറകടുക്കുന്ന രീതിയിൽ കുട്ടികളെ കിടത്തിയിരിക്കുന്നത് ദയനീയ കാഴ്ചയാണ്.
പാറക്കളം മാലിന്യകേന്ദ്രത്തിൽ നിന്നും പതിനഞ്ചടി കുത്തനെ താഴ്ച യിൽ ചിറ്റൂർ പുഴക്കരയിലാണ് ടാർപോളിൻ കൊണ്ടുനിർമിച്ച കുടിൽ. മുപ്പതുവർഷംമുന്പ് തമിഴ്നാട്ടിൽനിന്നും ഉപജിവനമാർഗം തേടിയെത്തിയ ഇവർ പിന്നീട് തിരിച്ചുപോയില്ല.
നാട്ടിൽ ബന്ധുവീട്ടുകളിൽ നടന്ന ചടങ്ങുകൾക്ക് രണ്ടോ മൂന്നോ തവണ മാത്രമാണ് പോയിട്ടുള്ളത്. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡും നന്പറില്ലാത്ത വീടുമില്ലാത്തതിനാൽ ഇവർ റേഷൻ കാർഡിന് അർഹതയില്ലാത്തവരുടെ പട്ടികയിലാണ്.
തത്തമംഗലം ചെന്താമര ജിബി യുപി സ്കൂളിലാണ് നാലു വിദ്യാർത്ഥികളുടെ പഠനം. ഇവർ അന്തിയുറങ്ങുന്ന കുടിലിൽനിന്നും 200 മീറ്റർ അകലെയുള്ള പാതയിലെത്തണമെങ്കിൽ ഒന്നരയടി വിസ്താരമുള്ള നൂൽപ്പാതയിൽ സർക്കസ് താരം കയറിൽ നടക്കുന്നതുപോലെയാണ് സഞ്ചാരം.
നടവഴിയുടെ കിഴക്കുഭാഗം ഇരുപതടിയിൽ കൂടുതൽ ആഴമുള്ള ഗർത്തമാണ്. മഴ ചാറിയതോടെ നടവഴിയിൽ വഴുതലും തുടങ്ങി. പുഴയോരത്ത് കുടിലിനു സമീപത്തായി കുഞ്ഞുങ്ങളുമായി പന്നിക്കുട്ടസഞ്ചാരവും പതിവാണ്.
പാറക്കളം മാലിന്യകേന്ദ്രത്തിൽ ബാരിക്കേഡ് വച്ച് തടസം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ജനങ്ങൾക്ക് ഈ പന്ത്രണ്ടംഗം കുടുംബം ഒറ്റപ്പെട്ടു കഴിയുന്നത് കാണാനാകുന്നുമില്ല.
മഴ ശക്തമായാൽ രവിയും അരുണാചലവും ചേർന്ന് അർധരാത്രിയിൽപോലും കുട്ടികളുമായി ഉയർന്ന സ്ഥലം തേടിപ്പോകും. 2018, 2019-ലും പ്രളയജലം പുഴയിൽ ഒഴുകിയെത്തിയതോടെ ഓലക്കുടിലിന്റെ അഞ്ചുമീറ്റർ ഉയരത്തിലാണ് ജലനിരപ്പ് ഉയർന്നത്.
രവിയും അരുണാചലവും പുഴയിൽ മീൻപിടിച്ചു വില്പന നടത്തുന്നതുവഴിയും ചെറിയൊരു വരുമാനമുണ്ടാകും. ഈ സാഹചര്യത്തിൽ ദുരിതജീവിതം ഈ നിരാലംബർക്ക് ഉദാരമതികളുടെ സഹായം എത്തിക്കണമെന്ന ആവശ്യം ശക്തമാണ്.