ഉത്തര്‍ പ്രദേശിലെ വനത്തില്‍ നിന്നും കണ്ടെത്തിയ എട്ടുവയസുകാരിയെ ഇതുവരെ വളര്‍ത്തിയത് വാനരന്മാര്. യുപിയിലെ കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ പട്രോളിംഗിനിറങ്ങിയ പോലീസ് കുരങ്ങന്മാര്ക്കൊപ്പം പെണ്‍കുട്ടിയെ യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയെ കണ്ടെത്തിയിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും മനുഷ്യരോടു കടുത്ത ഭയമാണ് കാണിക്കുന്നത്. ആശയവിനിമയത്തിനായി കുരങ്ങന്മാരെ പോലെ പ്രത്യേക ശബ്ദമാണ് പെണ്‍കുട്ടി പുറപ്പെടുവിക്കുന്നത്. നടക്കുന്നത് കൈകാലുകള്‍ നിലത്ത് കുത്തിയാണ്.
പെണ്‍കുട്ടിയ്ക്കൊപ്പം കണ്ടെത്തിയ കുരങ്ങന്മാരാണ് കുട്ടിയെ ഇതുവരെ വളര്‍ത്തിയതെന്നാണ് പോലീസിന്റെ അനുമാനം. കുട്ടിയെ രക്ഷിക്കാന്‍ ചെന്ന പോലീസുകാരെ അന്ന് കുരങ്ങന്മാര് ആക്രമിക്കുകയും ചെയ്തിരുന്നു. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വനത്തില്‍ ഈ പെണ്‍കുട്ടി സുഖകരമായിട്ടായിരുന്നു കഴിഞ്ഞിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. പെണ്‍കുട്ടി ആരാണെന്നും എങ്ങനെയാണ് കാട്ടില്‍ അകപ്പെട്ടതെന്നുമറിയാനുള്ള തീവ്രപരിശ്രമത്തിലാണ് അധികൃതരിപ്പോള്‍.
സബ് ഇന്‍സ്പെക്ടര്‍ സുരേഷ യാദവ് പെണ്‍കുട്ടിയെ കണ്ടുപിടിക്കുന്നതിന് മുമ്പ് വനത്തില്‍ തടി വെട്ടാനെത്തിയവരായിരുന്നു പെണ്‍കുട്ടിയെ ആദ്യമായി കണ്ടിരുന്നത്. തുടര്‍ന്ന് നിരവധി പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ വാനരസംഘത്തില്‍ നിന്നും രക്ഷപ്പെടുത്തുകയും ആശുപത്രിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് നാളിതുവരെ പെണ്‍കുട്ടി ആശുപത്രിയിലാണ്. ആശുപത്രിയില്‍ എത്തിയ ഉടന്‍ പെണ്‍കുട്ടി തികച്ചും ഒരു മൃഗത്തെപ്പോലെയാണ് പെരുമാറിയിരുന്നത്. ഭക്ഷണം നിലത്ത് നിന്ന് കൈകള്‍ കൊണ്ടെടുക്കാതെ നേരിട്ട് വായ ഉപയോഗിച്ച് അകത്താക്കുകയാണ് ചെയ്തിരുന്നത് . എന്നാല്‍ ഇപ്പോള്‍ അവള് അത്യാവശ്യം രണ്ട് കാലില്‍ നടക്കാനും ഭക്ഷണം കൈകൊണ്ടെടുത്ത് കഴിക്കാനുമാരംഭിച്ചുവെന്നാണ് ഈ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡി.കെ.സിങ് വെളിപ്പെടുത്തുന്നു.
എന്നിരുന്നാലും മനുഷ്യഭാഷ സംസാരിക്കുന്നതില്‍ പെണ്‍കുട്ടി ഒരു പുരോഗതിയും പ്രാപിച്ചിട്ടില്ല. പക്ഷേ മറ്റുള്ളവര്‍ പറയുന്നത് മനസിലാക്കാനാവുമെന്നും സിങ് വെളിപ്പെടുത്തുന്നു. പെണ്‍കുട്ടിയെ കാട്ടില്‍ കണ്ടെത്തിയപ്പോള്‍ പൂര്‍ണ നഗ്നയായിരുന്നുവെന്നും കുരങ്ങന്മാരുടെ സഹവാസത്തില്‍ അവള് തികച്ചും സൗഖ്യമനുഭവിച്ചിരുന്നുവെന്നുമാണ് പൊലീസ് ഓഫീസറായ ദിനേഷ് ത്രിപാദി വെളിപ്പെടുത്തുന്നത്. മരം വെട്ടുകാര് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കുരങ്ങന്മാര് അവരെ ആക്രമിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്നായിരുന്നു പൊലീസ് ഓഫീസര്‍ സുരേഷ യാദവ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ രക്ഷിച്ച് പൊലീസ് കാറില്‍ കൊണ്ടു വരുമ്പോഴും കുരങ്ങന്മാര് ആക്രമണാസക്തരായി പിന്തുടര്‍ന്നിരുന്നുവെന്നും ത്രിപാദി പറയുന്നു. പെണ്‍കുട്ടിയെ സാധാരണ മനുഷ്യരെപ്പോലെയാക്കാന് ആശുപത്രി ജീവനക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു വരുകയാണെന്നാണ് വിവരങ്ങള്‍. ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ പെണ്‍കുട്ടി ആക്രമാസക്തയാവുന്ന വീഡിയോ വൈറലാണ്.