ടാര്സന് എന്നു കേട്ടാൽ പലരുടെയും മനസിൽ തെളിയുക കാട്ടിലൂടെ വള്ളിയിൽ തൂങ്ങി വരുന്ന സിക്സ് പായ്ക്ക് കാർട്ടൂൺ കഥാപാത്രത്തെ ആയിരിക്കും. എന്നാൽ, കോഴിക്കോട്ട് ചീക്കിലോടുകാരോടു ടാർസൻ ആരാണെന്നു ചോദിച്ചാൽ അവരൊന്നു പുഞ്ചിരിക്കും.
അവരുടെ മനസിൽ തെളിയുക കാടും മലയും കാട്ടുവള്ളിയുമൊന്നുമല്ല… മേശപ്പുറം നിറഞ്ഞിരിക്കുന്ന വിഭവങ്ങൾക്കപ്പുറം ഒരു പിടിപിടിക്കാൻ തയാറായിരിക്കുന്ന അവരുടെ സ്വന്തം ടാർസനെയാണ്.
ഒരു കാലത്തു ഭക്ഷണം കഴിക്കുന്നതിൽ പെരുമ കേൾപ്പിച്ചു കടന്നുപോയ തീറ്റ റപ്പായി വന്നാൽ പോലും ടാർസന്റെ മുന്നിൽ ഒരുനിമിഷം അന്പരന്നു നിൽക്കും.
എന്നാൽ, ഭക്ഷണത്തിൽ റപ്പായി ആണെങ്കിൽ പണിയെടുക്കുന്നതിൽ ശരിക്കും ടാർസനാണ് ഈ ചുമട്ടു തൊഴിലാളി. ഇത് ഉസൻകുട്ടി. കോഴിക്കോട് ജില്ലയിലെ ചീക്കിലോട് ഗ്രാമത്തില്‍ താമസം.
ശരിക്കും ടാർസൻ!
അമ്പതാം വയസിലും ആരെയും അതിശയിപ്പിക്കുന്ന മെയ്ക്കരുത്തിന്റെ ഉടമയാണ് ഉസന്‍കുട്ടി. സാധാരണക്കാർ ഉയർത്താൻ മടിക്കുന്ന എത്ര കഠിനഭാരവും നിഷ്പ്രയാസം തട്ടി തേളേൽ കയറ്റി നടന്നുനീങ്ങും ഉസൻകുട്ടി.
അസാധാരണമായി ഭക്ഷണം അകത്താക്കി റിക്കാർഡ് സൃഷ്ടിച്ചിരുന്ന തൃശൂരുകാരൻ തീറ്ററപ്പായിയുടെ കോഴിക്കോടൻ പതിപ്പാണ് ഉസൻകുട്ടി.
മുപ്പതു വര്‍ഷത്തിലേറെയായി ചുമട്ടുജോലി. പുല്ലാളൂര്‍, നരിക്കുനി, മാത്തോട്ടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജോലി ചെയ്തിട്ടുണ്ടെങ്കിലും കക്കോടി അങ്ങാടിയാണ് ഇദ്ദേഹത്തെ ‘ടാര്സന്” ആക്കിയത്. അവിടെയുള്ളവരാണ് ഈ പേര് ആദ്യമായി വിളിച്ചത്.
ഒരു ക്വിന്റല്‍ ഭാരം വരുന്ന ചാക്ക് തലയില്‍ വച്ചു കൂളായി സൈക്കിള്‍ ചവിട്ടിപ്പോകുന്ന ഉസൻകുട്ടിയെ എങ്ങനെ ടാർസൻ എന്നു വിളിക്കാതിരിക്കും.
കാണേണ്ട സൈക്കിൾ യാത്ര!
സൈക്കിളിൽ ക്വിന്റൽ ഭാരമുള്ള ചാക്ക് തലയിൽവച്ചു പോയതിനു പിന്നിലും ഒരു കഥയുണ്ട്.
ഒരിക്കല്‍ വാടകയ്ക്കു സൈക്കിള്‍ ചോദിച്ചപ്പോള്‍ പഞ്ചസാരച്ചാക്ക് കയറ്റിക്കൊണ്ടുപോകാനാണെങ്കില് തരില്ലെന്നു സൈക്കിൾ കടക്കാരൻ. എന്നാൽ, പഞ്ചാസാര ചാക്ക് സൈക്കിളിൽ കയറ്റുന്നില്ലെന്നും എനിക്കു പോകാനാണ് സൈക്കിളെന്നും ഉസൻകുട്ടി.
അതോടെ, സൈക്കിൾ കടക്കാരൻ സൈക്കിൾ നൽകി. നാട്ടുകാർ അന്തംവിട്ടു നോക്കിനിൽക്കെ പഞ്ചസാര ചാക്ക് നേരേ തലയിലേക്ക് എടുത്തുവയ്പ്പിച്ചു.
പിന്നെ, ഒന്നും സംഭവിക്കാത്തതുപോലെ സൈക്കിൾ ചവിട്ടിഒറ്റപ്പോക്ക്. പിന്നീട് ഭാരചാക്കും തലയിൽ കയറ്റി സൈക്കിള്‍ സര്‍വീസ് പതിവായെന്ന് ഉസന്‍കുട്ടി പറഞ്ഞു.
നൂറു പൊറോട്ട വരെ!
ആദ്യകാലത്ത് ഓടുന്ന ലോറിക്കു പിന്നില്‍ ബാലന്‍സ് തെറ്റാതെ തൂങ്ങി നില്ക്കുന്നതും കാളയുടെയും പോത്തിന്റെയുമൊക്കെ പുറത്തേറുന്നതുമൊക്കെ കണ്ടുനില്‍ക്കുന്നവരെ രസിപ്പിക്കാനെന്നോണം ചെയ്തിരുന്നു. അതുകൊണ്ടൊക്കെയാകാം ടാര്സന് എന്ന പേര് സ്ഥിരപ്പെട്ടതെന്നാണ് ഇദ്ദേഹം പറയുന്നത്.
യുവാവായിരിക്കെ നൂറു പൊറോട്ട വരെ ഒറ്റയിരിപ്പിനു കഴിച്ചിട്ടുണ്ട്. അറുപത് ബിരിയാണിയൊക്കെ കഴിച്ച കാലമുണ്ട്. രണ്ടു പഴക്കുല തിന്നുതീര്‍ക്കാന്‍ മിനിട്ടുകള്‍ മാത്രം മതി.
തീറ്റമത്സരങ്ങളില്‍ പലതവണ വിജയിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ നടന്ന മത്സരത്തില്‍ തീറ്ററപ്പായി പങ്കെടുക്കാനെത്തിയപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു.
തൃശൂരില്‍ നടന്ന മത്സരത്തിലും ഉസന്‍കുട്ടി പങ്കെടുത്തിട്ടുണ്ട്. വാതുവച്ചു ഭക്ഷണം കഴിച്ചു കാഴ്ചക്കാരെ വിസ്മയിപ്പിച്ച സംഭവങ്ങളും നിരവധി.
ഇരുപതു ചായ
പ്രായം അമ്പതായെങ്കിലും ലോഡിംഗ് സര്‍വീസ് തുടരുകയാണ് ഉസന്‍കുട്ടി. നിര്‍മാണ സാമഗ്രികളെല്ലാം സൈറ്റുകളിലെത്തിച്ചു നല്‍കും. എന്തു ജോലിയും ചെയ്യാന്‍ മടിയില്ല.
അഞ്ഞൂറ്- അറുനൂറ് രൂപയൊക്കെ ഒരുദിവസം കൂലി ലഭിക്കും. കണക്കുപറഞ്ഞു കൂലി വാങ്ങുന്ന പതിവൊന്നുമില്ല.
തീറ്റപ്രിയനാണെന്നറിയുന്ന പലരും സ്നേഹത്തോടെ ഭക്ഷണം സ്പോണ്സര് ചെയ്യാറുണ്ട്. പഴയതു പോലെയില്ലെങ്കിലും ഇപ്പോഴും ഒറ്റയടിക്കു നാല്‍പ്പതു പൊറോട്ടവരെ കഴിക്കാന്‍ തനിക്കാകുമെന്ന് ഇദ്ദേഹം പറയുന്നു.
ദിവസവും ഇരുപതോളം ചായ കുടിക്കും. പൊറോട്ടയും ബീഫും ബിരിയാണിയുമൊക്കെയാണ് ഇഷ്ടവിഭവങ്ങള്‍.
എത്ര ഭക്ഷണം കഴിച്ചാലും തന്റെ വയറ്റിലെത്തുമ്പോള്‍ കത്തിപ്പോകുമെന്നാണ് ഉസന്‍കുട്ടി പറയുന്നത്. അടുത്തിടെ ആരോ പകര്‍ത്തിയ വീഡിയോ വൈറലായതോടെ ടാര്സനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ.
കണ്ടുംകേട്ടും അറിഞ്ഞ ടാര്സന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. മറിയം ആണ് ഉസന്‍കുട്ടിയുടെ ഭാര്യ. രണ്ടു മക്കളുണ്ട്.
തയാറാക്കിയത്: ടി.വി. ജോഷി