സ്വന്തം ലേഖകൻ
അയ്യന്തോൾ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ടു ചെയ്യുകയെന്ന കടമയും ഓർമപ്പെടുത്തി തൃശൂരിന്റെ സ്വന്തം തെരഞ്ഞെടുപ്പു ഗാനം വോട്ടർമാരിലേക്കെത്തി.
പ്രശസ്ത സംഗീത സംവിധായകൻ ഒൗസേപ്പച്ചന്റെ പേരക്കുട്ടി ടാഷ അരുണ് എന്ന കൊച്ചുമിടുക്കിയാണ് ഈ ഗാനത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. വന്ദേമാതരം പാടി ദേശീയപതാക വീശിയെത്തുന്ന ടാഷ ആരുടേയും മനംമയക്കും.
സംവിധായകൻ ലോഹിതദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഉദയശങ്കരനാണ് തൃശൂരിന്റെ വോട്ടുപാട്ട് സംവിധാനം ചെയ്തത്.
വോട്ടു ചെയ്യാൻ വരുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും വോട്ട് പാഴാക്കാൻ പാടില്ലെന്നും പറഞ്ഞ് വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഗാനമാണിത്.
ജില്ല കളക്ടർ എസ്.ഷാനവാസും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മതവും ജാതിയുമില്ല വേഷവും ഭാഷയുമില്ല കൂട്ടരെ എന്നും പാട്ടിലൂടെ വോട്ടർമാരെ ഓർമിപ്പിക്കുന്നു.
യുവതലമുറ വോട്ടു ചെയ്യാതെ മാറി നിൽക്കുന്നത് കണ്ട് അങ്കിൾ എന്താണ് വോട്ടു ചെയ്യാത്തത് എന്ന അഞ്ചുവയസുകാരിയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം പറയാനാകാതെ പകച്ചു നിൽക്കുന്ന യുവാവും ഗാനരംഗത്തുണ്ട്.
വരിക വരിക കൂട്ടരെ…എന്നു തുടങ്ങുന്ന പാട്ടെഴുതിയത് ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗമാണ്. മലയാളിയുടെ പ്രിയങ്കരനായ ഒൗസേപ്പച്ചനാണ് സംഗീതം നൽകിയത്.
ഒൗസേപ്പച്ചന്റെ മകളുടെ മകളായ ടാഷയും പാടിയിട്ടുണ്ട്. ചാർളി ബഹ്റിൻ, അമൽ ആന്റണി, ഒൗസേപ്പച്ചൻ എന്നിവരാണ് മറ്റു ഗായകർ.
നിഥിൻ പി മോഹനാണ് ഛായാഗ്രഹണം. മെന്േറാസ് ആന്റണി, ശിവരാജ്, അജയ് കാട്ടൂർ എന്നിവരാണ് അണിയറ പ്രവർത്തകർ.അഞ്ചുമിനുറ്റാണ് ഗാനത്തിന്റെ ദൈർഘ്യം.