ഖത്തര്‍ ലോകകപ്പില്‍ അദ്ഭുത പ്രകടനവുമായാണ് മൊറോക്കോ ഫ്രാന്‍സുമായുള്ള സെമിഫൈനലിന് കളമൊരുക്കിയത്.
ബെല്‍ജിയം, സ്പെയ്ന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്മാരെ തകര്‍ത്തെറിഞ്ഞായിരുന്നു മൊറോക്കന്‍ പടയോട്ടം.
ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം കൂടിയാണ് മൊറോക്കോ.
ലോകകപ്പിലെ ആഫ്രിക്കന്‍ കരുത്തായി തിളങ്ങുന്ന മൊറോക്കന്‍ താരങ്ങളുടെ വേറിട്ട വിജയാഘോഷവും, അമ്മമാരുടെ സാന്നിധ്യവുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
എന്നാലിപ്പോള്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്ലീമ നസ്റിന് പങ്കുവച്ച ട്വീറ്റാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.
മൊറോക്കോയുടെ സൂപ്പര്‍ താരം അഷ്റഫ് ഹക്കീമി, ഭാര്യ ഹിബ അബൂക്കിന്റെ കൂടെ നില്ക്കുന്ന ചിത്രമാണ് അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ”മൊറോക്കോയുടെ സ്റ്റാര്‍ പ്ലെയര്‍ അഷ്റഫ് ഹക്കീമിയും, ഭാര്യയും. ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ ബുര്‍ഖയും ഹിജാബുമൊന്നും ധരിച്ചിട്ടില്ല.” എന്ന കുറിപ്പും തസ്ലിമ നസ്റിന് നല്‍കിയിട്ടുണ്ട്.
തസ്ലീമയുടെ ട്വീറ്റിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. തസ്ലീമയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
സ്പെയിനിലെ പ്രമുഖ നടിയാണ് അഷ്റഫ് ഹക്കിമിയുടെ ഭാര്യയാ 36കാരി ഹിബ അബൂക്ക്. രണ്ടു വര്‍ഷം മുമ്പാണ് ഹീബ 24കാരനായ ഹക്കീമിയെ വിവാഹം കഴിക്കുന്നത്.
രണ്ട് ആണ്‍കുട്ടികളാണ് ദമ്പതികള്‍ക്ക്. വോഗ് അറേബിയയുടെ മുഖചിത്രമായ ദമ്പതികള്‍, നിരവധി ആഗോള വേദികളില്‍ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.