മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സർവീസസ് കന്പനി ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. കന്പോളമൂല്യം ഏഴു ലക്ഷം കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യൻ കന്പനിയായി ടിസിഎസ്.
ഒരുമാസം മുൻപാണ് പതിനായിരം കോടി (നൂറു ബില്യൺ) ഡോളർ കന്പോളമൂല്യമുള്ള കന്പനിയായി ടിസിഎസ് ഉയർന്നത്. ഇന്നലെ ടിസിഎസ് ഓഹരികൾ 1.9 ശതമാനം കുതിച്ച് 3674 രൂപയിൽ എത്തിയിരുന്നു. ആ വിലയിൽ കന്പനിയുടെ കന്പോളമൂല്യം (മുഴുവൻ ഷെയറുകളുടെയും കൂടിയ വില) 7,03,117 കോടി രൂപ ആയിരുന്നു.
ഏറെക്കാലം ഇന്ത്യയിലെ ഏറ്റവും വിലപ്പെട്ട കന്പനി എന്ന പേരു റിലയൻസ് ഇൻഡസ്ട്രീസിനായിരുന്നു. ഇപ്പോൾ റിലയൻസ് രണ്ടാം സ്ഥാനത്തുണ്ടെങ്കിലും വളരെ പിന്നിലാണ്. 5,80,361 കോടിയാണു റിലയൻസിന്റെ ഇന്നലത്തെ കന്പോളമൂല്യം.
കന്പോളമൂല്യത്തിൽ മൂന്നു മുതൽ 10 വരെ സ്ഥാനങ്ങളിലുള്ള കന്പനികൾ
(തുക കോടി രൂപയിൽ)
എച്ച്ഡിഎഫ്സി ബാങ്ക് 5,15,733
ഹിന്ദുസ്ഥാൻ യൂണിലിവർ 3,38,024
ഐടിസി 3,35,374
എച്ച്ഡിഎഫ്സി 3,02,896
ഇൻഫോസിസ് ടെക്നോളജീസ് 2,66,868
മാരുതി സുസുകി 2,54,043
കൊട്ടക് മഹീന്ദ്ര ബാങ്ക് 2,43,102
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2,39,625