മുംബൈ: വിവിധ ടാറ്റാ കന്പനികളിലായി ചിതറിക്കിടക്കുന്ന കണ്‍സ്യൂമർ പ്രൊഡക്ട് ബിസിനസ് ഒരു കുടക്കീഴിലാക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. പുതിയ തീരുമാനത്തോടെ ഉപ്പ്, പയർവർഗങ്ങൾ, മസാലകൾ, റെഡി ടു ഈറ്റ് സ്നാക്സ് മുതലായവ ടാറ്റാ കെമിക്കൽസിന്റെ കീഴിൽനിന്ന് ടാറ്റാ ഗ്ലോബൽ ബിവറേജസിന്റെ കീഴിലേക്കു മാറും. കോർപറേറ്റ് ഘടന കുറേക്കൂടി ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഒരേ രീതിയിലുള്ള ബിസിനസുകൾ ഒരുമിച്ചാക്കുകയാണ് ചെയ്യുന്നത്.
ഈ തീരുമാനം ഇന്നേ ഒൗദ്യോഗികമായി പ്രഖ്യാപിക്കൂ. ടാറ്റാ കെമിക്കൽസിന്റെ ബ്രാൻഡഡ് കണ്‍സ്യൂമർ ഉത്പന്നങ്ങളായ ടാറ്റാ സാൾട്ട്, ടാറ്റാ സാന്പന് തുടങ്ങിയവ കന്പനിയുടെ ആകെ വരുമാനത്തിന്റെ 16 ശതമാനം അഥവാ 1,847 കോടി രൂപ 2018-19 സാന്പത്തികവർഷം നല്‍കിയിയുന്നു. കന്പനിയുടെ ആകെ അറ്റാദായത്തിന്റെ 19 ശതമാനം അഥവാ 314 കോടി രൂപ കണ്‍സ്യൂമർ ഗുഡ്സിൽനിന്നാണ്.
പുതിയ തീരുമാനത്തിലൂടെ ടാറ്റാ ഗ്ലോബൽ ബിവറേജസിന്റെ വരുമാനത്തിൽ വർധനയുണ്ടാക്കും. പോയ സാന്പത്തികവർഷം 7,252 കോടി രൂപയായിരുന്നു വരുമാനം.ടാറ്റാ ടീയെ ടാറ്റാ ഗ്ലോബലുമായി ലയിപ്പിക്കാനും ചെയർമാനു പദ്ധതിയുണ്ട്.
വിഭജനത്തിനുശേഷം ടാറ്റാ കെമിക്കൽസ് രാസവസ്തുക്കളുടെ ഉത്പാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിളസംരക്ഷണ ഉത്പന്നങ്ങളാണ് ടാറ്റാ കെമിക്കൽസ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. 1983ലാണ് കന്പനി ആദ്യമായി ഉപ്പ് വിപണിയിലെത്തിച്ചത്. ഇന്ന് വിപണിയിൽ ഒന്നാം സ്ഥാനത്തുള്ളത് ടാറ്റാ സാൾട്ട് ആണ്.