മുംബൈ: ടാറ്റാ സൺസ് ചീഫ് ഫിനാൻഷൽ ഓഫീസർ (സിഎഫ്ഒ) ആയി ആദിത്യ ബിർള ഗ്രൂപ്പിലെ സൗരവ് അഗർവാളിനെ നിയമിച്ചു. പുതിയ ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ ആദ്യത്തെ പ്രധാന നിയമനമാണിത്. ആദിത്യ ബിർള ഗ്രൂപ്പിൽ സ്ട്രാറ്റജി ഹെഡ് തസ്തികയിലാണ് അഗർവാൾ പ്രവർത്തിക്കുന്നത്. ഐഡിയ-വൊഡാഫോൺ ലയനം, ജേപീ ഗ്രൂപ്പിന്റെ സിമന്റ് യൂണിറ്റുകൾ ഏറ്റെടുക്കൽ എന്നിവയെല്ലാം നയിച്ചത് അഗർവാളാണ്.
കോൽക്കത്ത ഐഐഎമിൽ പഠിച്ച ഈ 48കാരൻ നിക്ഷേപ ബാങ്കിംഗ് രംഗത്താണു കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ഡിഎസ്പി മെറിൽ ലിഞ്ച്, സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയിൽ ആണു മുൻപ് പ്രവർത്തിച്ചിരുന്നത്.മൂലധനവിപണിയടക്കം നിരവധി സുപ്രധാന മേഖലകളിൽ അനുഭവസന്പത്തുള്ളയാളാണ് അഗർവാൾ.