കോല്‍ക്കത്ത: സിംഗൂരിലെ നാനോ ഫാക്ടറി അടച്ചുപൂട്ടിയ വകയില്‍ ബംഗാള്‍ സര്‍ക്കാര്‍ ടാറ്റ മോട്ടോഴ്സിന് 765.78 കോടി രൂപ നല്‍കണമെന്ന് മൂന്നംഗം ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി. 2016 സെപ്റ്റംബര്‍ മുതലുള്ള 11 ശതമാനം പലിശസഹിതമുള്ള തുകയാണിത്.
“പശ്ചിമബംഗാളിലെ സിംഗൂരിലെ ഓട്ടോമൊബൈല്‍ നിര്മാണകേന്ദ്രത്തെ സംബന്ധിച്ച്, മൂന്നംഗ ആര്‍ബിട്രല്‍ ട്രൈബ്യൂണലിനു മുമ്പാകെയുണ്ടായിരുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത വ്യവഹാര നടപടികള്‍ 2023 ഒക്ടോബര്‍ 30ന് ടാറ്റ മോട്ടോഴ്സിന് അനുകൂലമായി ഏകകണ്ഠമായി തീര്‍പ്പാക്കിയതായി അറിയിക്കുന്നു.
തത്ഫലമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ 11 ശതമാനം പലിശ സഹിതമുള്ള 765.78 കോടി രൂപ തിരിച്ചെടുക്കാന്‍ ടാറ്റ മോട്ടോഴ്സിന് അവകാശമുണ്ട്’ ടാറ്റ മോട്ടോഴ്സ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്കിയ കുറിപ്പില്‍ അറിയിച്ചു.
2008ല്‍ ബംഗാളില്‍ സ്ഥാപിക്കാനിരുന്ന നാനോ ഫാക്ടറി ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവുമായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്നീട് ഗുജറാത്തിലേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു.