മുംബൈ: ടാറ്റാ സ്റ്റീൽ വന്പൻ ഏറ്റെടുക്കലിനു തയാറെടുക്കുന്നു. കടക്കെണിയിലായ രണ്ടു സ്റ്റീൽ കന്പനികളെ (ഭൂഷൻ സ്റ്റീലും ഭൂഷൻ പവർ ആൻഡ് സ്റ്റീലും) ഏറ്റെടുക്കാനാണു നീക്കം. എൻ. ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പ് മേധാവിയായശേഷമുള്ള ഏറ്റവും വലിയ നടപടിയാണിത്. മൊത്തം 60,000 കോടി രൂപയാണ് കണക്കെണിയിലായ ഇവ രണ്ടുംകൂടി വാങ്ങാൻ മുടക്കുക.
ഈ കന്പനികൾ നാഷണൽ കന്പനി ലോ ട്രൈബ്യൂണലി(എൻസിഎൽടി)ന്റെ പരിഗണനയിലാണ്. കന്പനികൾ ഏറ്റെടുക്കാൻ താത്പര്യമുള്ളവരെ വിളിച്ചപ്പോഴാണു ടാറ്റാ സ്റ്റീൽ രണ്ടിനും താത്പര്യമറിയിച്ചത്. മറ്റു കന്പനികൾ ഓഫർ ചെയ്തതിനേക്കാൾ കൂടുതൽ തുക ടാറ്റാ നൽകും.
രണ്ടും കൂടി വർഷം 88 ലക്ഷം ടൺ സ്റ്റീൽ ഉത്പാദനശേഷിയുണ്ട്. ഇവ ഏറ്റെടുത്തു കഴിയുന്പോൾ ടാറ്റാ സ്റ്റീലിന്റെ ശേഷി 218 ലക്ഷം ടൺ ആയി ഉയരും. ഇതോടെ സ്റ്റീൽ അഥോറിറ്റി (സെയിൽ)യേക്കാൾ ശേഷിയുള്ളതാകും ടാറ്റാ സ്റ്റീൽ. ഭൂഷൻ പവറിന് 720 മെഗാവാട്ടിന്റെ താപവൈദ്യുത നിലയമുണ്ട്.
സിംഗാൾമാരുടേതാണു ഭൂഷൻ ഗ്രൂപ്പ്. എന്നാൽ ഭൂഷൻ സ്റ്റീലും ഭൂഷൻ പവർ ആൻഡ് സ്റ്റീലും രണ്ടു ശാഖകളുടേതാണ്. ഉടമകൾ തമ്മിൽ യോജിപ്പുമില്ല.56,000 കോടി രൂപയുടെ കടബാധ്യതയുള്ള ഭൂഷൻ സ്റ്റീലിന് 35,000 കോടി രൂപയാണു ടാറ്റാ മുടക്കുക. ജിൻഡൽ സൗത്ത് വെസ്റ്റ് (ജെഎസ്ഡബ്ല്യു) 29,500 കോടി മുടക്കാൻ തയാറായിരുന്നു. ഭൂഷൻ പവറിന് ടാറ്റാ 24,500 കോടി മുടക്കും. ജെഎസ്ഡബ്ല്യു 13,000 കോടിയാണ് ഓഫർ ചെയ്തത്.
ലയനം കഴിയുന്പോൾ ഫ്ളാറ്റ് സ്റ്റീൽ ഉത്പന്ന വിപണിയിൽ ടാറ്റായുടെ പങ്ക് 50 ശതമാനത്തിലധികമാകും. ഇതുമൂലം കോംപറ്റീഷൻ കമ്മീഷന്റെ അനുമതി വേണ്ടിവരും ഏറ്റെടുക്കലിന്. പ്രമുഖ വാഹനനിർമാതാക്കൾക്ക് ഫ്ളാറ്റ് സ്റ്റീൽ നൽകുന്നതിൽ മുൻപന്തിയിലുള്ള ഭൂഷൻ സ്റ്റീലിന് ഹരിയാനയിലും മഹാരാഷ്ട്രയിലും വാഹനനിർമാതാക്കൾക്കു സമീപം പ്ലാന്റുകൾ ഉണ്ട്.
കന്പനികളെ ഏറ്റെടുക്കുന്പോൾ ടാറ്റാ സ്റ്റീലിന്റെ കടബാധ്യത ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാകും. അതു വലിയ ബാധ്യതയാകില്ലെന്ന കണക്കുകൂട്ടലിലാണു ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സ്റ്റീൽ ഓഹരികൾക്ക് ഇന്നലെ ആറുശതമാനം വില താണു. ഭൂഷൻ സ്റ്റീലിന് 20 ശതമാനം ഉയർച്ചയുണ്ടായി.