ടെഹ്റാൻ: മതനിന്ദയാരോപിച്ച് ജനപ്രിയ പോപ്പ് ഗായകൻ അമീർ ഹുസൈൻ മഗ്സൗദ്ലൂവിന് (ടാറ്റലൂ-37) ഇറാന്റെ പരമോന്നത കോടതി വധശിക്ഷ വിധിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചെന്ന കുറ്റം ചാർത്തി കീഴ്ക്കോടതി അഞ്ചുവർഷം തടവാണ് ടാറ്റലൂവിന് വിധിച്ചിരുന്നത്. എന്നാൽ ശിക്ഷ പോരെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീൽ പരിഗണിച്ചാണു വധശിക്ഷ വിധിച്ചത്.
2018 മുതൽ തുർക്കിയിലെ ഈസ്താംബൂളിൽ കഴിഞ്ഞിരുന്ന ടാറ്റലൂവിനെ 2023 ഡിസംബറിൽ ഇറാന് കൈമാറിയിരുന്നു. അന്നുമുതൽ തടങ്കലിലായിരുന്നു. വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചെന്ന കേസിൽ 10 വർഷത്തെ തടവുശിക്ഷയും ടാറ്റലൂ നേരിടുന്നുണ്ട്.