എസ്.എം
ലോക ടൂറിസം ഭൂപടത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിനു വലിയ സ്ഥാനമാണുള്ളത്. കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാനും ഈ നാടിനെക്കുറിച്ച് അറിയാനുമായി ഇവിടെയെത്തുന്ന വിദേശികള്‍ നിരവധി.
അതിലൂടെ നമുക്കു കിട്ടുന്ന വരുമാനവും വളരെ വലുത്. എന്നാല്‍, പലപ്പോഴും അതിനനുസരിച്ചുള്ള ജാഗ്രതയും മര്യാദയും കാണിക്കുന്നതിൽ മലയാളിക്കു വീഴ്ച വരുന്നുണ്ട്.
അടുത്തിടെ ഒരു വിദേശ വനിതയ്ക്കു കേരളത്തില്‍ വച്ചുണ്ടായ അനുഭവം ആഗോളതലത്തില്‍ത്തന്നെ നമ്മുടെ നാടിന്റെ സത്പേരിനു കളങ്കം ഏൽപിക്കുന്നതാണ്.
ടാറ്റൂ ചെയ്യുന്നതിനിടെ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നു കാണിച്ചു ചേരാനെല്ലൂര്‍ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ് സുജീഷിനെതിരെ സ്പാനിഷ് യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്കിയിരിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഈ ടാറ്റൂ ആര്‍ട്ടിസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകളാണ്.
ഇയാള്‍ക്കെതിരെ നിലവില്‍ ഏഴു പരാതികളാണുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന സുജീഷിനെതിരേ ഇനിയും പരാതികള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് കൊച്ചി സിറ്റി പോലീസ്.
അത്രയ്ക്കേറെ കസ്റ്റമർമാർ എത്തിയിരുന്ന സ്ഥാപനമായിരുന്നു ഇൻക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ.
സുജീഷ് നിസാരക്കാരനല്ല
ഇക്കഴിഞ്ഞ അഞ്ചിനാണ് കൊച്ചി സ്വദേശിനിയായ പതിനെട്ടുകാരി റെഡ് ഇറ്റിലൂടെ സുജീഷിനെതിരേ ആരോപണം ഉന്നയിക്കുന്നത്.
ചേരാനല്ലൂരിലെ ഇൻഫെക്റ്റഡ് സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാനെത്തിയ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ.
ആൺസുഹൃത്തിനൊപ്പമായിരുന്നു പെണ്‍കുട്ടി സുജീഷിന്റെ സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാനെത്തിയത്. ഇതിനു മുമ്പും ഇവിടെ വന്നു ടാറ്റൂ ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ സാധാരണപ്പോലെയാണ് ടാറ്റൂ തുടങ്ങിയത്.
ഇടയ്ക്കു വച്ചു വേദനിച്ചപ്പോള്‍ അല്പം ഇടവേള ചോദിച്ചതായി യുവതി പറയുന്നു.
സ്ത്രീയുടെ ലൈംഗികായവയവം ചിറകുകളോടു കൂടി ചിത്രീകരിക്കുന്ന ടാറ്റൂവാണ് യുവതി ചെയ്യാനായി വന്നത്.
യുവതിയുടെ പ്രായം ചോദിച്ച സുജീഷ് ഈ ടാറ്റൂവിന്റെ അര്‍ഥം എന്താണെന്നു ചോദിച്ചതായി ഇവരുടെ കുറിപ്പില്‍ പറയുന്നു.
സംസാരം വഴിതിരിച്ചുവിടുകയാണ് ഇയാള്‍ ചെയ്തത്. സെക്സ് ഇഷ്ടമാണോയെന്നും കന്യകയാണോയെന്നുമൊക്കെ യുവതിയോട് ഇയാള്‍ ചോദിച്ചതായി യുവതി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നുണ്ട്.
സുജീഷിന്റെ കൈയില്‍ സൂചി ഉള്ളതിനാല്‍ യുവതി ഭയത്തോടെയാണ് കിടന്നത്. തുടര്‍ന്ന് ടാറ്റൂ ചെയ്തുകൊണ്ടിരിക്കെ യുവതിയുടെ പാന്റ്സ് ഉള്‍പ്പെടെ ഊരിമാറ്റി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുറിപ്പില്‍ ഉള്ളത്.
ഭയന്നുപോയ യുവതി പിന്നീടു പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും സാക്ഷികളും തെളിവുകളും ഇല്ലാതെ പരാതിയുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഒരു വക്കീല്‍ പറഞ്ഞതായും കുറിപ്പിലുണ്ട്.
ഇതോടെ അനുഭവം വിവരിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയായിരുന്നു. സമാനമായ അനുഭവങ്ങള്‍ ഉള്ളവര്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാണ് യുവതി പോസ്റ്റില്‍ ആവശ്യപ്പെട്ടത്. യുവതിയുടെ കുറിപ്പ് പെട്ടെന്നു വൈറലായി.
നിരവധി യുവതികള്‍
തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലൂടെ സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി പറഞ്ഞു മറ്റു ചില യുവതികള്‍ രംഗത്തെത്തി.
ഒരു പെണ്‍കുട്ടിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഇരുപതാമത്തെ വയസിലുണ്ടായ അനുഭവമാണ് ആ കുട്ടി ഷെയര്‍ ചെയ്തത്.
വാരിയെല്ലിനു സമീപത്തായിരുന്നു ടാറ്റൂ ചെയ്യേണ്ടത്. ടാറ്റൂ ചെയ്യുന്നതിനിടെ അസുഖകരമായ അനുഭവമാണ് ഉണ്ടായതെന്നു പെണ്‍കുട്ടി പറയുന്നു.
തന്നോട് ബ്രാ ഊരാന്‍ സുജീഷ് ആവശ്യപ്പെട്ടു, എന്നാൽ ശരീരം മറയ്ക്കാന്‍ ഒരു തുണിപ്പോലും നല്‍കിയില്ല.
ആദ്യമായി ടാറ്റൂ ചെയ്യാനെത്തിയ ഇരുപതുകാരിയായ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല.
തുടര്‍ന്ന് ഇയാള്‍ മാറിടത്തില്‍ സ്പര്‍ശിച്ചതായി പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ബംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ച് യുവതികള്‍ കൂടി പരാതിയുമായെത്തി.
പോലീസ് അന്വേഷണം
സുജീഷിനെതിരെ ആദ്യ ആരോപണം വന്നപ്പോള്‍ തന്നെ കൊച്ചി സിറ്റി പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
ആരോപണം വന്ന ഉടന്‍ ഇയാള്‍ ടാറ്റൂ സ്റ്റുഡിയോ പൂട്ടി ഒളിവില്‍ പോയി. പോലീസ് ചേരാനെല്ലൂരിലേയും പാലാരിവട്ടത്തെയും സ്റ്റുഡിയോകളില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ആറിന് ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ലൈംഗിക പീഡനത്തിനു ചേരാനല്ലൂര്‍ സ്റ്റേഷന് പരിധിയില്‍ രണ്ടു കേസുകളും സ്ത്രീത്വത്തെ അപമാനിച്ചതിനു പാലാരിവട്ടം സ്റ്റേഷനു കീഴില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകളുമായി രജിസ്റ്റര്‍ ചെയ്തത്.
ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നു ഡിസിപി വി.യു കുര്യാക്കോസ് പറഞ്ഞു. അതേസമയം, ആദ്യമായി ആരോപണം ഉന്നയിച്ച യുവതി രേഖാമൂലം പരാതി നല്കാന് തയാറായില്ല.
പോലീസ് ഇവരെ വിളിപ്പിച്ചതിനെത്തുടര്‍ന്ന് ഇവരുടെ മാതാവ് സെന്‍ട്രല്‍ ഡിസിപി സി.ജയകുമാറിന്റെ ഓഫീസിലെത്തി പരാതി ഇല്ലെന്ന് അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട നൂലാമാലകൾ ഭയന്നാണ് ഇവർ കേസ് കൊടുക്കാതെ ഒഴിഞ്ഞുമാറിയതെന്നു കരുതുന്നു.
സ്പാനിഷ് യുവതിയും
സുജീഷിനെതിരെ സ്പാനിഷ് യുവതിയാണ് ഏഴാമത് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചിയിലെ ഒരു കോളജില്‍ വിദ്യാര്‍ഥിനിയായിരിക്കെ സ്പാനിഷ് യുവതിയും ആണ് സുഹൃത്തും ഇയാളുടെ സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാനായി ചെന്നു.
ആദ്യം ആണ് സുഹൃത്തിനൊപ്പം മുറിയില്‍ കയറിയെങ്കിലും മുറിക്ക് സൗകര്യക്കുറവുണ്ടെന്നു പറഞ്ഞ് ഇയാള്‍ ആണ് സുഹൃത്തിനെ മുറിയില്‍നിന്നു പുറത്തു ഇറക്കുകയായിരുന്നു.
തുടര്‍ന്ന് ടാറ്റൂ ചെയ്യുന്നതിനിടയില്‍ വിദേശ വനിതയെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു.
വിദേശ വനിത ഇ-മെയിലിലൂടെ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച നാഗരാജുവിനാണ് പരാതി നല്‍കിയത്.
വീഡിയോ കോണ്‍ഫ്രറന്‍സിംഗിലൂടെ ഇവരുടെ മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(തുടരും)