കോട്ടയം: വീട്ടമ്മയെ ഫോണിൽ വിളിച്ച് എടിഎം കാർഡിന്റെ രഹസ്യ നന്പർ ചോദിച്ച് മനസിലാക്കി 48,000 രൂപ തട്ടിയെടുത്തു. മണിമല ആലപ്രയിലാണ് സംഭവം. എലിസബത്ത് മേരി മാത്യു എന്ന വീട്ടമ്മയ്ക്കാണ് 48,000 രൂപ നഷ്ടമായത്. 28ന് രാവിലെ ഇവരെ ഫോണിൽ ഒരാൾ വിളിച്ച് ബാങ്കിൽ നിന്നാണെന്നും പറഞ്ഞ് എടിഎം കാർഡിന്റെ പിൻ നന്പർ ചോദിച്ചു. ആധാർ ലിങ്ക് ചെയ്യാനെന്നു പറഞ്ഞായിരുന്നു വിളി. ഇതു വിശ്വസിച്ച വീട്ടമ്മ രഹസ്യ നന്പർ നല്കി.
അൽപ്പസമയം കഴിഞ്ഞപ്പോൾ രണ്ടു തവണയായി 48,000 രൂപ പിൻവലിച്ചെന്നു കാണിച്ച് മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചു. അപ്പോഴാണ് തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായത്. മണിമല പോലീസിൽ പരാതി നല്‍കിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോലീസ് അന്വേഷണത്തിൽ മുംബൈയിൽ നിന്നാണ് വിളിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വിളിച്ചയാൾ ഇംഗ്ലീഷിലാണ് സംസാരിച്ചത്.
ഇത്തരം പണം തട്ടിപ്പ് വ്യാപകമായിട്ടും വീണ്ടും ആളുകൾ ഇവരുടെ ഇരകളായി തീരുന്നു എന്നതാണ് വിചിത്രം. ബാങ്കിൽ നിന്നാണെന്നു പറഞ്ഞ് ആര് വിളിച്ചാലും തങ്ങളുടെ ഇടപാട് സംബന്ധിച്ച ഒരു വിവരവും നല്‍കേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. അക്കൗണ്ട് നന്പരോ രഹസ്യ പിൻ നന്പരോ ഫോണിൽ വിളിക്കുന്നവർക്ക് നല്‍കരുത്.