ആളൂർ: കല്യാണാവശ്യത്തിനെന്നു പറഞ്ഞ് ഇറച്ചിയും മീനും വാങ്ങാനെത്തിയ മധ്യവയസ്കൻ വ്യാപാരികളെ കബളിപ്പിച്ചു പണവും കോഴിയിറച്ചിയുമായി മുങ്ങി. ആളൂരിലെ രണ്ട് ഇറച്ചി വില്പന കേന്ദ്രത്തിലും മാള വഴി ജംഗ്ഷനിലെ മത്സ്യകേന്ദ്രത്തിലുമാണ് തട്ടിപ്പു നടന്നത്. കൂടുതൽ ഇറച്ചിയും മത്സ്യവും ഓർഡർ ചെയ്താണ് ഇയാൾ വ്യാപാരികളെ കബളിപ്പിച്ചത്. 65 കിലോ കോഴിയിറച്ചിയും 40 കിലോ പോത്തിറച്ചിയും പത്തു കിലോ മത്സ്യവുമാണ് നന്നാക്കിയശേഷം വാങ്ങാൻ ആളില്ലാതെ നശിച്ചത്. എട്ടു കിലോ കോഴിയിറച്ചിയും മത്സ്യകേന്ദ്രത്തിൽനിന്ന് അഞ്ചു കിലോ മീനും ആയിരം രൂപയും ഇയാൾ തന്ത്രപൂർവം വാങ്ങിക്കൊണ്ടുപോയി.
സമാനരീതിയിൽ തിങ്കളാഴ്ച തൃശൂർ കുന്നത്തങ്ങാടിയിലും കഴിഞ്ഞ ദിവസം മൂന്നുപീടിക മാർക്കറ്റിലും വ്യാപാരികളെ കബളിപ്പിച്ചിരുന്നു.ഇന്നലെ രാവിലെ പത്തോടെ ആളൂരിലെ വടക്കേപീടിക വീട്ടിൽ ടോണിയുടെ കോഴിക്കടയിലാണ് കൂടുതൽ കോഴിയിറച്ചി ആവശ്യപ്പെട്ട് ഒരാൾ വന്നത്. ചില പ്രശ്നങ്ങൾ മൂലം മകളുടെ വിവാഹം പെട്ടെന്നു നിശ്ചയിക്കേണ്ടിവന്നതായും സദ്യയൊരുക്കാൻ 65 കിലോ കോഴിയിറച്ചി വേണമെന്നും പറഞ്ഞു.
ജംഗ്ഷനിലെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചാണ് ഇയാൾ കോഴിക്കടയിൽ എത്തിയത്. ആവശ്യത്തിനുള്ള കോഴികൾ കടയിൽ ഇല്ലാത്തതിനാൽ കൊന്പൊടിഞ്ഞാമാക്കലിൽനിന്നു ബാക്കിയുള്ളവ വാങ്ങാമെന്നും പറഞ്ഞ് തത്കാല ആവശ്യത്തിനായി എട്ടു കിലോ കാൽകഷ്ണങ്ങളും ഇയാൾ കൊണ്ടുപോയി. കുറച്ചുസമയം കഴിഞ്ഞ് ഇറച്ചി കൊണ്ടുപോകാൻ വരാമെന്നു പറഞ്ഞെങ്കിലും ഇയാൾ പിന്നീട് വന്നില്ല. നന്നാക്കിവച്ച 65 കിലോ കോഴിറച്ചി നശിച്ചതോടെ പന്ത്രണ്ടായിരം രൂപയുടെ നഷ്ടമുണ്ടായെന്നു ടോണി പറഞ്ഞു.
രാവിലെ പത്തരയോടെ മാള വഴി ജംഗ്ഷനിലെ മത്സ്യകേന്ദ്രത്തിൽ തട്ടിപ്പുകാരനെന്നു സംശയിക്കുന്നയാൾ എത്തിയതായി വില്പനക്കാരൻ ഷിജോയ് പറഞ്ഞു. വിവാഹ ആവശ്യത്തിനെന്നു പറഞ്ഞാണ് ഇവിടെയും പത്തു കിലോ മത്സ്യം ഓർഡർ ചെയ്തത്. നന്നാക്കി വയ്ക്കുന്പോഴേക്കും പണവുമായി വരാമെന്നു പറഞ്ഞ ഇയാൾ പച്ചക്കറിക്കടയിൽ കൊടുക്കാൻ ആയിരം രൂപ കടമായി വാങ്ങി. മാത്രമല്ല അഞ്ചു കിലോ മീൻ വേറെയും വാങ്ങിക്കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് മൂന്നായിട്ടും ആളെ കാണാതായപ്പോഴാണു തട്ടിപ്പാണെന്നു മനസിലായത്.
രാവിലെത്തന്നെ ആളൂർ ജംഗ്ഷനിലെ ഷക്കീറിന്റെ ഇറച്ചിക്കടയിലെത്തി ഇയാൾ 40 കിലോ പോത്തിറച്ചി ഓർഡർ ചെയ്തു. സദ്യക്ക് ആവശ്യമായ മറ്റു സാധനങ്ങൾ വാങ്ങണമെന്നും കസേരയും മേശയും കൊണ്ടുപോകണമെന്നും അതുകഴിഞ്ഞ് ഇറച്ചി കൊണ്ടുപോകാൻ വരാമെന്നും പറഞ്ഞാണ് ഇയാൾ പോയത്.
വിശ്വസിപ്പിക്കാനായി ജംഗ്ഷനിലെ പെട്ടിഓട്ടോ ഡൈ്രവറെ ഓട്ടം പോകാനുണ്ടെന്നു പറഞ്ഞ് കൂടെകൂട്ടിയാണ് ഇയാൾ ഇറച്ചിക്കടയിലെത്തിയത്. നന്നാക്കിവച്ച 40 കിലോ ഇറച്ചി നശിച്ചു. വൈകുന്നേരമായിട്ടും ആളെ കാണാതായപ്പോഴാണ് കബളിപ്പിയ്ക്കപ്പെട്ടതു മനസിലായത്. വ്യാപാരികൾ കൊടകര പോലീസിൽ പരാതി നൽകി.ആളൂരിൽ തട്ടിപ്പിനിരയായ ഇറച്ചിക്കോഴി വില്പനക്കാരൻ ടോണി സംഭവം വിവരിക്കുന്നു.