കുന്നംകുളം: ജ്വല്ലറി, ഫിനാൻസ് സ്ഥാപനം എന്നിവ തുടങ്ങാമെന്ന് പറഞ്ഞ് 15 പേരിൽനിന്നായി 75 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയെ കുന്നംകുളത്ത് പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം പോത്തൻകോട് വെള്ളാംകൊള്ളി വീട്ടിൽ പ്രിയ (30) ആണ് അറസ്റ്റിലായത്. കിരാലൂർ സ്വദേശിയും സൗദിയിൽ ജോലി ചെയ്തിരുന്ന അനിൽകുമാർ എന്നയാളുമായി പ്രിയ ഫേസ്ബുക്കിലൂടെ ഉണ്ടാക്കിയ ബന്ധമാണ് തട്ടിപ്പിന്റെ തുടക്കം.
താൻ ചാരിറ്റി പ്രവർത്തകയാണെന്നും മൂന്നു കുട്ടികളെ ദത്തെടുത്ത് വളർത്തുന്നുണ്ടെന്നും ധരിപ്പിച്ചു. തുടർന്ന് ചൂണ്ടൽ പാർട്ണർഷിപ്പിൽ ഒരു ജ്വല്ലറി ആരംഭിക്കാമെന്ന് പറഞ്ഞ് അനിൽകുമാറിൽനിന്നും 21 ലക്ഷം രൂപ വാങ്ങി. ചൂണ്ടൽ സെന്ററിൽ പ്രിയ ജ്വല്ലറി എന്ന പേരിൽ ഒരു മുറിയും എടുത്തു.
തുടർന്ന് ജ്വല്ലറിയിൽ പാർട്ണർഷിപ്പ് നല്കാമെന്നു പറഞ്ഞ് അനിൽകുമാറിന്റെ ബന്ധുക്കളായ പെരിങ്ങോട് സ്വദേശി സന്തോഷിൽനിന്നും 18 ലക്ഷം, സന്തോഷിന്റെ ഭാര്യക്ക് ജോലി കൊടുക്കാമെന്ന് പറഞ്ഞ് 75000, മറ്റൊരു ബന്ധുവിൽനിന്ന് 7 ലക്ഷം, പെരുന്പിലാവ് സ്വദേശി സംഗീതിൽനിന്ന് 5 ലക്ഷം, സെക്യൂരിറ്റി ജോലി നല്കാമെന്ന് പറഞ്ഞ് പെരുന്പിലാവ് സ്വദേശി സുധാകരനിൽനിന്ന് 75000, ജ്വല്ലറിയോടൊപ്പം ഫിനാൻസ് ആരംഭിക്കാമെന്ന് പറഞ്ഞ് കൈപ്പറന്പ് സ്വദേശി ശ്യാമിൽനിന്ന് 7 ലക്ഷം, കൂടാതെ കൈപറന്പ് സ്വദേശികളായ ജിഷ്ണു, പ്രനീഷ്, ഡാനി എന്നിവരിൽനിന്നുമായി 5 ലക്ഷം എന്നിങ്ങനെയാണ് തട്ടിപ്പ് നടത്തിയത്.
മികച്ച വാക്സാമർത്ഥ്യം കൊണ്ട് ആളുകളെ കൈയിലെടുത്തുകൊണ്ടാണ് പറ്റിക്കൽ നടത്തിയിരുന്നത്. തിരുവനന്തപുരത്തുകാരിയായ ഇവർക്ക് വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ സാന്പത്തിക തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. അവിടെനിന്നും മുങ്ങി ഇവിടെ മറ്റത്തിനടുത്ത് വെട്ടുകാട് വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. പോത്തൻകോട് മറ്റൊരു യുവതിയുമായി ചേർന്ന് ലോട്ടറി തട്ടിപ്പ് നടത്തിയ കേസിലും ഇവർ പ്രതിയാണ്.
ഇപ്പോൾ പൈസ പോയ എല്ലാവരുംതന്നെ സാധാരണക്കാരാണ്. വലിയ ലാഭം നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇവരെയൊക്കെയും യുവതി വീഴ്ത്തിയത്. പലരും കുടുംബക്കാരുടെ സ്വർണം മുഴുവൻ പണയം വെച്ചാണ് ഇവർക്ക് പണം നൽകിയത്.
ഇതിനിടെയ കടയിലെ പണിയുമായി ബന്ധപ്പെട്ട് ഒരാൾക്ക് നല്കിയ ചെക്ക് മടങ്ങിയതിനെ തുടർന്ന് നല്കിയ പരാതിയിലാണ് യുവതി കുടുങ്ങിയത്. ഇവർ ഇവിടെനിന്നും സാധനങ്ങളെടുത്ത് കുട്ടികളുമായി മുങ്ങാൻ തുടങ്ങുന്പോൾ കേച്ചേരിയിൽനിന്നും തന്ത്രപരമായി പോലീസ് പിടികൂടുകയായിരുന്നു. പതിനഞ്ചോളം പരാതികൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
ഇതിൽ കൂടുതൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. കുന്നംകുളം സിഐ കെ.ജി.സുരേഷ്, എസ്ഐ രാജീവ്, ബാബുരാജ്, ഗോപി, ജാൻസി, ഗീത എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.