കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേയുള്ള ലൈംഗികാരോപണ പരാതികള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു യുവതി കൂടി ഇയാള്‍ക്കെതിരേ പരാതി നല്കി.
പരാതികള്‍ വര്‍ധിച്ചു വരുന്നതോടെ പ്രതിയെ ഉടന്‍ പിടികൂടുമെന്നു കമ്മിഷണര്‍ അറിയിച്ചു.’മീടു’ ആരോപണം ഉന്നയിച്ച അഞ്ചു യുവതികളാണ് ഇതുവരെ പരാതി നല്‍കിയത്.
അതേസമയം സുജീഷ് ബെംഗളൂരുവിലേക്കു കടന്നതായി സൂചനയുണ്ട്. വീടുപണിയുമായി ബന്ധപ്പെട്ടു ചില സാധനങ്ങള്‍ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരുവിലേക്കു പോയെന്ന വിവരമാണു പോലീസിനു ലഭിക്കുന്നത്. എന്നാല്‍ പോലീസ് ഇതു പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
കൊച്ചി ഇടപ്പള്ളിയിലെ ഇന്ക് ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേ യുവതികളുടെ പരാതിയില്‍ പാലാരിവട്ടം, ചേരാനെല്ലൂര്‍ പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് കമ്മിഷണറെ കണ്ട യുവതികള്‍ പരാതി നല്കാന് തയാറാണെന്ന് അറിയിച്ചു. തുടര്‍ന്ന് നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ വിശദമായ മൊഴിയെടുത്ത ശേഷം കേസ് റജിസ്റ്റര്‍ ചെയ്തു.
മീടു ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഒളിവില്‍ പോയ സുജീഷിനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് വിവരം.
ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയും പൂട്ടിയ നിലയിലാണ്. കൂടുതല്‍ യുവതികള്‍ പരാതി നല്‍കുമെന്നും സൂചനയുണ്ട്.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലേ ടാറ്റൂ സ്റ്റുഡിയോകളില്‍ പോലീസ് പരിശോധന തുടരും. ജീവനക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം.