കൊച്ചി: ടാറ്റു സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ പരാതിക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷ്.
പരാതിക്ക് പിന്നില്‍ തന്നെ തകര്‍ക്കാനുള്ള ശ്രമമാണുള്ളതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കി. കേസുമായി ബന്ധമില്ലെന്നും പരാതികള്‍ അടിസ്ഥാനരഹിതവുമാണെന്നാണ് പ്രതിയുടെ മൊഴി.
എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവുണ്ടെന്നും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുമാണ് പോലീസിന്റെ നീക്കം.
ശനിയാഴ്ച രാത്രിയാണ് ഇയാൾ പോലീസിനു മുന്‍പാകെ കീഴടങ്ങിയത്. ഇന്നലെ രാവിലെ ചേരാനെല്ലൂരിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ടാറ്റു സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് 11 ഓടെ അറസ്റ്റ് രേഖപ്പെടു ത്തുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ചേരാനെല്ലൂരിലെ സ്റ്റുഡിയോയില്‍ വച്ചാണ് രണ്ടു യുവതികള്‍ ചൂഷണത്തിന് ഇരയായത്. നിലവില്‍ പ്രതിക്കെതിരെ ആറു പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
ഇതില്‍ നാലു പേര് പ്രതിയുടെ ടാറ്റു സ്റ്റുഡിയോ പാലാരിവട്ടത്ത് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നേരിട്ട അതിക്രമം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ചൂഷണത്തിനിരയായ യുവതി ഇക്കാര്യം റെഡിറ്റിലൂടെ തുറന്നു പറഞ്ഞതിനു പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് നിരവധി പേര് സമൂഹമാധ്യമങ്ങളിലുടെ തുറന്നു പറച്ചിലുമായി രംഗത്തെത്തി.