കൊച്ചി: ടാറ്റൂ സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസില്‍ സുജീഷിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു.
ഇന്ന് പീഡനത്തിന് ഇരയായ യുവതികളുടെയും ടാറ്റൂ സ്ഥാപനത്തിലെ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും.
ടാറ്റൂ ചെയ്യുന്ന സൂചി ശരീരത്തില്‍ ഉണ്ടായതിനാല്‍ ഭയന്നിട്ടാണ് പീഡനം നടന്ന സമയത്ത് പ്രതികരിക്കാതിരുന്നതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറില്‍നിന്ന് ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ പോലീസ് തേടിയിരുന്നു.
യുവതി പ്രതികരിച്ചിരുന്നെങ്കില്‍ നട്ടെല്ലില്‍ സൂചി തറച്ച് അപായപ്പെടുത്താന്‍ പ്രതിക്ക് കഴിയുമായിരുന്നുവെന്ന് ഡോക്ടർ പോലീസിനെ അറിയിക്കുകയുണ്ടായി.
അതേസമയം കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും ഇന്നു പരിശോധിക്കും.
പരാതിക്കാരായ യുവതികളെ അറിയാമെങ്കിലും ആരോപണങ്ങള്‍ സംബന്ധിച്ച് അറിവില്ലെന്ന നിലപാടിലാണ് ഇയാള്‍. പത്ത് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സുജീഷിന്റെ ചിറ്റൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഫോണുകള്‍ ഹാജരാക്കാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
നേരത്തെ സുജീഷിന്റെ ചേരാനെല്ലൂരിലെ ടാറ്റൂ സ്റ്റുഡിയോയില്‍നിന്നു സിസിടിവി ഡിവിആറും, രണ്ടിലധികം കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിക്സുകളും പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
സാമൂഹ്യമാധ്യമമായ റെഡിറ്റിലൂടെ സുജീഷിന്റെ ചൂഷണത്തിനിരയായ കാര്യം യുവതി തുറന്നു പറഞ്ഞതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
പിന്നീട് നിരവധി പേര് സമൂഹമാധ്യമങ്ങളിലുടെ തുറന്നുപറച്ചിലുമായി രംഗത്തെത്തിയതോടെ ആറിന് രാത്രി ഇയാള്‍ പോലീസില്‍ കീഴടങ്ങി.
പ്രതിക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് മൂന്നു കേസുകളും, ചേരാനെല്ലൂര്‍ സ്റ്റേഷനില്‍ ബലാത്സംഗത്തിനു രണ്ടു കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.