ഓരോത്തരും ഗിന്നസ് ബുക്കില്‍ കയറാന്‍ പലപലവഴികള്‍ തേടുന്നു. ചാള്‍സ് ചക്ക് ഹെംകെയും ഷാര്‍ലറ്റ് ഗുട്ടന്‍ബര്‍ഗും വേറിട്ട ഒരുവഴിയിലൂടെയാണ് ഗിന്നസ്ബുക്കില്‍് ഇടംപിടിച്ചത്. 75വയസുള്ള ചക്കിനും 65കാരിയായ പെണ്‍സുഹൃത്ത് ഷാര്‍ലറ്റിനും ഹോബി ശരീരത്ത് ടാറ്റൂ പതിപ്പിക്കുന്നതിലായിരുന്നു. ഏറ്റവും കൂടുതല്‍ ടാറ്റു ശരീരത്തില്‍ പതിപ്പിച്ച മുതിര്‍ന്ന പൗരന്മാരില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ലോക റിക്കാര്‍ഡ് ഇവരുടെ പേരിലാണ്.
ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും ഒരു ടാറ്റു പാര്‍ലറില്‍ വച്ചാണ്. ചക്കിന്റെ ശരീരത്തിന്റെ 93.75 ശതമാനവും ടാറ്റുവിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ മുഖവും കാല്‍ വിരലുകളുമൊഴികെയെല്ലായിടവും ടാറ്റുമയമാണ്. 1959ല്‍ ആര്‍മിയില്‍ വച്ചാണ് ചക്ക് തന്റെ ശരീരത്തില്‍ ആദ്യ ടാറ്റു പതിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ടാറ്റുവിന്റെ എണ്ണം കൂടി. എന്നാല്‍ 2000 വരെയുള്ള നാല്‍പതു വര്‍ഷത്തിനിടയില്‍ ചക്ക് ഒറ്റ ടാറ്റു പോലും പതിച്ചില്ല.
ചക്കിന്റേതിനു സമാനമാണ് ഷാര്‍ലെറ്റിന്റെയും ശരീരം. 91.5 ശതമാനം ഭാഗം വിവിധവര്‍ണങ്ങളിലുള്ള ടാറ്റു നിറഞ്ഞിരിക്കുന്നു. എന്നാല്‍ ഷാര്‍ലറ്റ് തന്റെ ശരീരത്തില്‍ ആദ്യ ടാറ്റു പതിക്കുന്നത് 2006ല്‍ മാത്രമാണെന്നതാണ് ഒരു വ്യത്യാസം. ബോഡി ആര്‍ട്ടിനോട് കടുത്ത എതിര്‍പ്പുണ്ടായിരുന്ന ഭര്‍ത്താവിന്റെ മരണശേഷമായിരുന്നു ഇത്. ഇതേ വര്‍ഷംതന്നെയാണ് ചക്കും ഷാര്‍ലറ്റും തമ്മില്‍ കണ്ടു മുട്ടുന്നത്. മാസങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടി. ഇരുവരും കൂടി ഒരു കോഫി ഷോപ്പില്‍ കപ്പൂച്ചിനോ കുടിക്കാന്‍ കേറി. അന്ന് ഒരു ഹോളിവുഡ് കിസിലൂടെ ചക്ക് ഷാര്‍ലെറ്റിന്റെ ഹൃദയം കീഴക്കുകയായിരുന്നു.
തങ്ങള്‍ ഒരു വള്ളത്തില്‍ പോകേണ്ടവരാണെന്ന് ഇരുവര്‍ക്കും അതോടെ മനസിലായി. അതിനുശേഷം ടാറ്റുവിലൂടെയുള്ള ജീവിത്തില്‍ ഇരുവരും പരസ്പരം കൈത്താങ്ങായി. പല പല മത്സരങ്ങളിലും ഇവര്‍ വിജയിച്ചു. തന്റെ ശരീരത്തിലെ ആദ്യടാറ്റു തന്റെ വലത്തെമാറിന്റെ മുകളില്‍ പതിച്ച ചിത്രശലഭത്തിന്റെയായിരുന്നു എന്ന് ഷാര്‍ലറ്റ് പറയുന്നു. ഫ്‌ളോറിഡയിലെ മെല്‍ബണ്‍ നഗരത്തിലാണ് ഇവര്‍ താമസിക്കുന്നത്. 2017ലെ ഗിന്നസ്ബുക്കില്‍ ഇവരുടെ പേരുണ്ടാവും.