സ്വന്തം ലേഖകൻ
തൃശൂർ: റോഡുകൾ തകരുന്നതിന്റെ പ്രധാന കാരണം അമിത ഭാരം കയറ്റിയെത്തുന്ന ലോറികളാണെന്ന് എൻജിനീയർമാരും കരാറുകാരും.
റോഡുകൾക്കു വഹിക്കാൻ പറ്റുന്ന ഭാരത്തിലും അധിക ഭാരം കയറ്റിയാണ് ലോറികൾ ആറുവരിപ്പാതകളിലടക്കം ഓടുന്നത്.
മോട്ടോർ വാഹന വകുപ്പും പോലീസുമൊക്കെ ദിവസവും ഇത്തരം ലോറികൾക്കു പിഴയീടാക്കുന്നുണ്ടെങ്കിലും സർക്കാരിനു വരുമാനം കിട്ടാനുള്ള മാർഗമാക്കി മാറ്റിയിരിക്കയാണെന്നു മാത്രം.
എല്ലാ ദിവസവും പിഴ കൊടുക്കുന്ന ലോറി ഡ്രൈവർമാരുമുണ്ട്. മോട്ടോർ വാഹനവകുപ്പോ പോലീസോ നിൽക്കുന്നതു കണ്ടാൽ നേരെ പോയി അവർ പറയുന്ന പണം നൽകി വീണ്ടും അമിത ഭാരം കയറ്റി പോകുന്ന സാഹചര്യമാണ്.
ഇതോടെ റോഡുകളുടെ ആയുസും കുറഞ്ഞു വരുന്നുവെന്നു മാത്രം. പല റോഡുകളും താഴാനും പിന്നീട് അതു തകരാനും കാരണമായി മാറുന്നത് അമിത ഭാരം കയറ്റിയോടുന്ന ലോറികൾ തന്നെയാണെന്നു പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരും പറയുന്നു.
വലിയ ടിപ്പറുകളാണ് ഇപ്പോൾ നിരത്ത് കീഴടക്കിയിരിക്കുന്നത്. ഇതിൽ ടണ്‍ കണക്കിന് ലോഡ് കയറ്റാവുന്നവയാണ് മിക്ക ടിപ്പറുകളും.
ക്വാറികളിൽ നിന്നും കല്ലും മണലും ക്വാറി വേസ്റ്റുമൊക്കെ ഒറ്റയടിക്ക് ഒരു കണക്കുമില്ലാതെ പരമാവധി ലോഡ് കയറ്റിയാണു പോകുന്നത്.
പത്തു ചക്രങ്ങളുള്ള ടിപ്പറുകളാണ് ഏറ്റവും കൂടുതൽ. ഇതിൽ കയറ്റാവുന്ന ഭാരത്തേക്കാൾ കൂടുതൽ കയറ്റിയാണ് ഒട്ടുമിക്ക ലോറികളും പോകുന്നത്.
വഴിയിൽ തടഞ്ഞുനിർത്തി പിഴ വാങ്ങിക്കുന്നതല്ലാതെ ഇവയിൽ എത്ര കൂടുതൽ ലോഡുണ്ടെന്ന് വേ ബ്രിഡ്ജിൽ കയറ്റി പരിശോധന നടത്താറില്ല.
ഇങ്ങനെ പരിശോധിച്ചാൽ മാത്രമേ കൂടുതൽ ഭാരം കയറ്റുന്നതു കണ്ടെത്താനും അതിനനുസരിച്ചുള്ള പിഴയീടാക്കാനും കഴിയൂ.
കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട്ടിൽ നിന്ന് അധിക ഭാരവുമായി എത്തുന്ന ലോറികൾ പരിശോധന നടത്തിവരികയാണ്. ഇങ്ങനെ പരിശോധിച്ചപ്പോഴാണ് 35 ടണ്‍ കയറ്റേണ്ട ലോറിയിൽ 65 ടണ്‍ വരെ ഭാരമുണ്ടെന്ന് കണ്ടെത്തിയത്.
ജില്ലയ്ക്കകത്ത് കല്ലും മണലുമൊക്കെയായി പോകുന്ന ലോറികൾ പരിശോധിച്ചാലും ഇത്തരത്തിൽ അമിത ഭാരം കണ്ടെത്താനാകും.