നികുതിലോകം/ ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിങ്ങളുടെ വരുമാനങ്ങളായ ശന്പളം, പലിശ, കമ്മീഷൻ, ബ്രോക്കറേജ് മുതലായവയിൽനിന്നു സ്രോതസിൽ നികുതി കുറച്ചിട്ട് ബാക്കി തുകയാണ് നിങ്ങൾക്കു നല്കിയിരിക്കുന്നതെങ്കിൽ പ്രസ്തുത തുക യഥാക്രമം നികുതിവകുപ്പിൽ അടച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് അവയുടെ ക്രെഡിറ്റ് ശരിയായി ലഭിച്ചുവെന്നും നിങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്.
സ്രോതസിൽ നികുതി പിടിക്കുന്നതിനു മുന്‍പുതന്നെ നിങ്ങളുടെ പാൻ, തുക നല്കുന്ന വ്യക്തിയെ/സ്ഥാപനത്തെ ഏല്പിക്കണം. സ്രോതസിൽ നികുതി പിടിക്കേണ്ട ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ഫോം 15 ജി/എച്ച് നല്കേണ്ടതുണ്ടെങ്കിൽ അതു നല്‍കണം. അതുപോലെതന്നെ സ്രോതസിൽ പിടിച്ച നികുതിക്ക് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത വാട്ടർമാർക്കോടുകൂടിയ ഏഴക്കമുള്ള യൂണിക് സർട്ടിഫിക്കറ്റാണ് തന്നിരിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇവ ഫോം നന്പർ 26 എഎസ് ആയി ഒത്തുനോക്കി അടച്ച നികുതി യഥാക്രമം നിങ്ങളുടെ അക്കൗണ്ടിൽ തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ആദായനികുതിയുടെ റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ശരിയായ ടിഡിഎസ് സർട്ടിഫിക്കറ്റ് നന്പർ എഴുതാനും ശരിയായിട്ടുള്ള ടിഡിഎസ് തുക റിട്ടേണിൽ അവകാശപ്പെടാനും ശ്രദ്ധിക്കുക.വസ്തുവില്പന നടത്തിയിട്ടുണ്ടെങ്കിൽ വസ്തു വാങ്ങിയ വ്യക്തി (50 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക്) യഥാക്രമം യഥാസമയം നികുതി അടച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. വസ്തു വാങ്ങുന്ന വ്യക്തി ഇടപാടു നടന്ന് ഒരു മാസത്തിനകം നികുതി അടച്ചെന്നും ചെലാൻ യഥാസമയം അപ്ലോഡ് ചെയ്തെന്നും ഉറപ്പുവരുത്തേണ്ടതാണ്.
പാൻ ശരിയാണോ?
ഏതെങ്കിലും കാരണവശാൽ അടച്ചനികുതിയുടെ ക്രെഡിറ്റ് നിങ്ങൾക്കു ലഭിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഡിഡക്ടറുടെ പക്കൽ സമർപ്പിച്ച പാൻ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുപോലെതന്നെ സ്രോതസിൽ നികുതി പിടിച്ച വ്യക്തി/സ്ഥാപനം പ്രസ്തുത തുക യഥാക്രമം ബാങ്കിൽ അടച്ചിട്ടുണ്ടെന്നും ടിഡിഎസ് റിട്ടേണുകൾ ശരിയായ പാൻ സഹിതം സമർപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഫലം ലഭിച്ചില്ലെങ്കിൽ ടാക്സ് ഗ്രീവൻസിൽ പരാതി രജിസ്റ്റർ ചെയ്യുക.
സ്രോതസിൽ നികുതി പിടിച്ച എല്ലാ ഡിഡക്ടർമാർക്കും 2017 ഡിസംബറിൽ അവസാനിച്ച മൂന്നാം ത്രൈമാസത്തിലെ ടിഡിഎസ് റിട്ടേണുകൾ ഈ മാസം 31നു മുന്‍പ് ഫയൽ ചെയ്യേണ്ടതുണ്ട്. ടിഡിഎസ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് കാലതാമസം വരുത്തിയാൽ താമസം വരുത്തുന്ന ഓരോ ദിവസത്തേക്കും ആദായനികുതി നിയമം 234 ഇ പ്രകാരം 200 രൂപ വീതം പിഴയായി അടയ്ക്കേണ്ടതുണ്ട്.
പരമാവധി തുക അടച്ച നികുതിയുടെ തുല്യമായ തുക ആയി നിജപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ ശന്പളത്തിൽനിന്നല്ലാതെ സ്രോതസിൽ നികുതി പിടിച്ചിട്ടുണ്ടെങ്കിൽ അവയുടെ മൂന്നാമത്തെ ക്വാർട്ടറിലെ ടിഡിഎസ് സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എയിൽ 2018 ഫെബ്രുവരി 15നു മുന്‍പ് എല്ലാ ഡിഡക്റ്റികൾക്കും നല്‍കേണ്ടതുണ്ട്. ഡൗണ്‍ലോഡ് ചെയ്ത വാട്ടർമാർക്കോടുകൂടിയ സർട്ടിഫിക്കറ്റായിരിക്കണം സ്രോതസിൽ നികുതി പിടിക്കപ്പെട്ടവർക്കു നല്‍കേണ്ടത്.
സ്രോതസിൽ നികുതി പിടിക്കുകയും എന്നാൽ നിർദേശിക്കപ്പെട്ട തീയതിക്കകം സർട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തില്ലെങ്കിൽ താമസം വരുന്ന ഓരോ ദിവസത്തേക്കും 100 രൂപ വീതം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. പരമാവധി പിഴത്തുക പിടിച്ച തുകയ്ക്കു തുല്യമായി നിജപ്പെടുത്തിയിട്ടുണ്ട്.
പലിശ നല്‍കണം
സ്രോതസിൽനിന്നു നികുതി പിടിച്ചിട്ട് അവ നിർദേശിക്കപ്പെട്ട തീയതിക്കുള്ളിൽ ബാങ്കിൽ അടച്ചില്ലെങ്കിൽ പലിശ നല്‍കണം. ടിഡിഎസ് ചെലാനുകൾ ബാങ്കിൽ അടയ്ക്കുന്പോൾ ടാൻ നന്പർ ശരിയായി എഴുതുന്നതിനും ടിഡിഎസ് റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ സ്രോതസിൽ നികുതി പിടിച്ച വ്യക്തികളുടെ പാൻ ശരിയായി തന്നെ സമർപ്പിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ പാനും ടാനും റിട്ടേണിൽ സമർപ്പിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതാണ്.
പാനിലോ ചെലനിലോ ഉള്ള തെറ്റുകൾ റിട്ടേണ്‍ സമർപ്പിച്ച് കഴിഞ്ഞാലുടൻ തന്നെ സിപിസി(ടിഡിഎസി)ൽനിന്നു ലഭിക്കുന്ന മെസേജിൽ സൂചിപ്പിച്ചിരിക്കുന്നതിനനുസരിച്ച് കറക്ട് ചെയ്യേണ്ടതാണ്. ഇവ കറക്ട് ചെയ്യുന്നതിന് ഏഴു ദിവസം സമയം നല്‍കുന്നുണ്ട്. ട്രെയിസസിൽനിന്നും ഡൗണ്‍ലോഡ് ചെയ്തു ലഭിക്കുന്ന, വാട്ടർമാർക്കോടുകൂടിയ ഏഴക്കമുള്ള സർട്ടിഫിക്കറ്റ് മാത്രമാണ് ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുന്ന ടിഡിഎസ് സർട്ടിഫിക്കറ്റ്. അല്ലാതെ ഡിഡക്ടർ നല്കുന്ന ഒരു സർട്ടിഫിക്കറ്റും മുകളിലത്തെ വ്യവസ്ഥ പാലിച്ചിട്ടില്ലെങ്കിൽ യഥാർഥ സർട്ടിഫിക്കറ്റായി കരുതാൻ പാടില്ല.
നിക്ഷേപങ്ങൾ
ആദായനികുതിയിൽനിന്നു കിഴിവ് ലഭിക്കുന്നതിനു വിവിധ നിക്ഷേപ പദ്ധതികൾ പ്രാബല്യത്തിലുണ്ട്. അവ യഥാക്രമം തെരഞ്ഞെടുക്കാൻ എല്ലാ നികുതിദായകർക്കും അവകാശമുണ്ട്. ആദായനികുതിയിൽനിന്നു കിഴിവു ലഭിക്കുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചിട്ട് അവയുടെ തെളിവുകൾ സ്രോതസിൽ നികുതി പിടിക്കുന്നതിനു മുന്‍പ് തൊഴിലുടമയുടെ പക്കൽ സമർപ്പിക്കേണ്ടതുണ്ട്.
ആദായനികുതിവകുപ്പിൽനിന്നും സർക്കുലർ നന്പർ 1/2017 പ്രകാരം എല്ലാ ഡിഡക്ടേഴ്സിനും ഡിഡക്ടീസ് നല്കുന്ന നിക്ഷേപങ്ങളുടെ തെളിവുകൾ കർശനമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നുള്ള നിർദേശം ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും നിക്ഷേപങ്ങളെപ്പറ്റി തൊഴിലുടമയ്ക്കു സംശയം തോന്നിയാൽ അവ സ്വീകരിക്കാതിരിക്കാൻ അദ്ദേഹത്തിന് / സ്ഥാപനത്തിന് അവകാശമുണ്ട്. പ്രസ്തുത നിക്ഷേപം യഥാർഥമാണെങ്കിൽ നികുതിദായകന് റിട്ടേണ്‍ സമർപ്പണസമയത്ത് അവ ഫയൽ ചെയ്ത് അധികമായി അടച്ച നികുതിയുടെ റീഫണ്ട് വാങ്ങാവുന്നതാണ്.