ന്യൂഡൽഹി: പ്രത്യക്ഷ നികുതി പിരിവ് കേന്ദ്രഗവൺമെന്റ് കണക്കാക്കിയതിലും കുറവായി. 10.05 ലക്ഷം കോടി രൂപ പ്രതീക്ഷിച്ചിടത്തു ലഭിച്ചത് 9.95 ലക്ഷം കോടി രൂപ.
എന്നാൽ, ബജറ്റ് പ്രതീക്ഷയേക്കാൾ കൂടുതലാണു പിരിവെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയ അവകാശപ്പെട്ടു. 2017-18 ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രതീക്ഷിച്ച നികുതിപിരിവ് 9.8 ലക്ഷം കോടി രൂപയാണ്.
എന്നാൽ, ഈ ഫെബ്രുവരിയിൽ 2018-19 -ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ 2017-18ന്റെ പുതുക്കിയ എസ്റ്റിമേറ്റ് നല്കിയതിൽ പറഞ്ഞതു പ്രതീക്ഷ 10.05 ലക്ഷം കോടി എന്നാണ്. കന്പനികളുടെ ആദായനികുതി 5,63,745 കോടി, വ്യക്തികളുടെ ആദായനികുതി 4,41,255 കോടി എന്നിങ്ങനെയായിരുന്നു വിഭജനം. ഇന്നലെ ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞത് 2017-18-ലെ ബജറ്റ് രേഖ മാത്രം ഉദ്ധരിച്ചാണ്.
കന്പനിനികുതി പിരിവിൽ 17.1 ശതമാനവും വ്യക്തികളുടെ ആദായനികുതി പിരിവിൽ 18.9 ശതമാനവും വർധനയുണ്ടായി എന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഈ വർഷം 6.84 കോടി പേർ ആദായനികുതി റിട്ടേൺ സമർപ്പിച്ചു. ഇതു തലേ വർഷത്തേതിലും 99.5 ലക്ഷം കൂടുതലാണ്.