2017 ഡിസംബർ 31നു മുന്പ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ കന്പനികളും അവയുടെ രജിസ്റ്റേർഡ് ഓഫീസിന്റെയും കന്പനിയുടെയും വിശദവിവരങ്ങൾ 2019 ഏപ്രിൽ 25ന് മുന്പായി ഐഎൻസി 22 എ എന്ന ഫോമിൽ രജിസ്ട്രാർ ഓഫ് കന്പനീസിൽ ഇലക്ട്രോണിക് ആയി ഫയൽ ചെയ്യേണ്ടതാണ്.
പേപ്പറുകളിൽ മാത്രം ഒതുങ്ങുന്ന കന്പനികളെയും ഷെൽ കന്പനികളെയും ഒരേ അഡ്രസിൽ പല കന്പനികൾ പേരിന് സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അവയെയും ഓഫീസുകൾ ഇല്ലാത്ത കന്പനികളെയും മറ്റും ലക്ഷ്യമിട്ടാണ് ഇ- ടാഗിംഗ് എന്ന സിസ്റ്റം നടപ്പിലാക്കുന്നത്.
ഇതനുസരിച്ച് പ്രവർത്തിക്കുന്ന കന്പനികൾക്ക് ആക്ടീവ് എന്ന ടാഗ് ചാർത്തിക്കിട്ടും എന്നാൽ ലിക്വിഡേറ്റ് ചെയ്യപ്പെട്ട കന്പനികളുടെയും ലിക്വിഡേഷനിൽ ഏർപ്പെട്ട കന്പനികളുടെയും അമാൽഗമേഷൻ നടന്നുകൊണ്ടിരിക്കുന്ന കന്പനികളുടെയും മറ്റും വിവരങ്ങൾ നല്കേണ്ടതില്ല.
അടുത്ത മാസം 25ന് മുന്പായി ഐഎൻസി 22 എ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ താമസിച്ച് ഫയൽ ചെയ്യുന്നവർക്ക്, നിലവിലെ നിയമമനുസരിച്ച് 10,000 രൂപ പിഴയോടുകൂടി മാത്രമേ പിന്നീട് ഫയൽ ചെയ്യാൻ സധിക്കൂ.
ഏതൊക്കെ കന്പനികൾക്ക് ഈ ഫോം ഫയൽ ചെയ്യാൻ സാധിക്കാതെ വരും?
ആന്വൽ ഫിനാൻഷൽ സ്റ്റേറ്റ്മെന്റുകളും കന്പനിയുടെ ആന്വൽ റിട്ടേണുകളും സമർപ്പിക്കാത്ത കന്പനികൾക്ക് പ്രസ്തുത ഫോം ഫയൽ ചെയ്യാൻ സാധിക്കില്ല. എന്നാൽ, ഫയൽ ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം കന്പനി രജിസ്ട്രാറെ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇതിൽനിന്ന് ഒഴിവ് ലഭിക്കുന്നതാണ്. ഈ ഒഴിവ് ലഭിക്കുന്നത് മാനേജ്മെന്റ് തർക്കങ്ങൾ മൂലം ഇവ ഫയൽ ചെയ്യാൻ സാധിക്കാത്തത് എന്ന് രജിസ്ട്രാർക്ക് ബോധ്യം വന്നതിനു ശേഷം രജിസ്റ്ററിൽ പ്രസ്തുത വിവരങ്ങൾ റിക്കാർഡ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ്.
ഫയൽ ചെയ്തില്ലെങ്കിലുള്ള ഭവിഷ്യത്തുകൾ
കന്പനിയുടെ മൂലധനഘടനയിൽ മാറ്റം വരുത്തുന്നതിനോ കന്പനിയുടെ ഡയറക്ടർമാരുടെ മാറ്റങ്ങൾ ഫയൽ ചെയ്യുന്നതിനോ, കന്പനിക്ക് അമാൽഗമേഷനോ ഡീമെർജറിനോ പദ്ധതിയുണ്ടെങ്കിൽ അവ നടക്കാതെ വരിക, കന്പനിയുടെ രജിസ്റ്റേർഡ് ഓഫീസിന് മാറ്റം ഉണ്ടെങ്കിൽ അത് അറിയിക്കാൻ സാധിക്കാതെ വരിക മുതലായ ദൂഷ്യഫലങ്ങൾ ഇവ ഫയൽ ചെയ്തില്ലെങ്കിൽ പ്രാഥമികമായി ഉണ്ടാവും.
കൂടാതെ ആക്ടീവ് – നോണ് കംപ്ലയന്റ് എന്ന ടാഗും ചാർത്തികിട്ടും. എന്നു മാത്രമല്ല കന്പനി രജിസ്ട്രാർക്ക് കന്പനി നിയമം 12(9) വകുപ്പനുസരിച്ചുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാൻ സാധിക്കും. പ്രസ്തുത വകുപ്പനുസരിച്ച് കന്പനി രജിസ്ട്രാർക്ക് പ്രഥമദൃഷ്ട്യാ കന്പനി പ്രവർത്തിക്കുന്നില്ലെന്ന് തോന്നിയാൽ കന്പനിയുടെ രജിസ്റ്റേർഡ് ഓഫീസിൽ നേരിട്ടുപോയി പരിശോധന നടത്തുന്നതിനും ആവശ്യമെങ്കിൽ കന്പനിയുടെ പേര് വെട്ടിക്കളയുന്നതിനും അധികാരമുണ്ട്.
എന്തൊക്കെ വിവരങ്ങളാണ് ഫയൽ ചെയ്യേണ്ടത്
1) കന്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പുറത്തെയും കെട്ടിടത്തിനകത്ത് ഓഫീസിന്റെയും ഡോക്യുമെന്റിൽ ഒപ്പിടുന്ന ഡയറക്ടറെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോഗ്രാഫ്സും, രജിസ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവിവരങ്ങളും അതായത് അക്ഷാംശവും രേഖാംശവും ഉൾപ്പെടെ സമർപ്പിക്കണം.
2) കന്പനിയുടെ പ്രവർത്തിക്കുന്ന ഒരു ഇ-മെയിൽ ഐഡി.
3) കന്പനിയുടെ എല്ലാ ഡയറക്ടർമാരുടെയും പേരുകളും അവരുടെ ഡിൻ നന്പറുകളും (ഡിൻ ആക്ടീവ് സ്റ്റാറ്റസിൽ ഉള്ളതായിരിക്കണം)..
4) കന്പനി സെക്രട്ടറി ആവശ്യമുള്ള കന്പനികൾക്കാണെങ്കിൽ സെക്രട്ടറിയുടെ പേരും നന്പരും.
5) കന്പനി ഓഡിറ്ററുടെ പേരും മെംബർഷിപ്പ് നന്പരും.
6) കോസ്റ്റ് ഓഡിറ്റർ ആവശ്യമെങ്കിൽ ഓഡിറ്ററുടെ പേരും മെംബർഷിപ്പ് നന്പരും.
7) മാനേജിംഗ് ഡയറക്ടറുടെ / സിഇഒയുടെ പേരും വിവരങ്ങളും.
8) 2017-18 ലെ ആന്വൽ അക്കൗണ്ടുകളും റിട്ടേണുകളും ഫയൽ ചെയ്ത നന്പർ.
ഇ-ഫോം കന്പനി സെക്രട്ടറി അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റ് സർട്ടിഫൈ ചെയ്യേണ്ടതായിട്ടുണ്ട്.
– നികുതിലോകം/ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്