പാലക്കാട്: റോഡുകൾ വികസനത്തിന്റെ ജീവനാഡികളാണെന്നും വാഹനപ്പെരുപ്പവും വാഹനാപകടങ്ങളും കണക്കിലെടുത്ത് മികച്ച റോഡുകൾ നിർമിക്കാൻ സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി എ. കെ. ബാലൻ പറഞ്ഞു.
വടക്കഞ്ചേരി പഞ്ചായത്തിലെ മംഗലം പഴയ എൻ.എച്ച് റോഡിന്റെ നിർമാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വികസന പ്രവർത്തനങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും കൂടുതൽ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ സർക്കാരിന്റെ 1000 ദിവസം പൂർത്തിയാവുന്ന അവസരത്തിൽ സെമിനാർ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളിൽ നികുതിഭാരം ഏൽപിക്കാതെ തന്നെ സർക്കാർ പ്രതിസന്ധികളെ നേരിടും. പ്രളയത്തിന് ശേഷമുള്ള പുനർനിർമാണത്തിന് ശ്രമിക്കുന്ന സർക്കാരിന് മുന്നിൽ വെല്ലുവിളികളുണ്ട്. സ്ത്രീസമത്വം സർക്കാരിന്റെ നയമാണെന്നും സമൂഹത്തെ പിന്നിലേക്ക് വലിക്കുന്നവരുടെ ശ്രമങ്ങൾ പരാജയപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി അധ്യക്ഷനായ പരിപാടിയിൽ ജില്ലാപഞ്ചായത്ത് അംഗം എ. ടി ഒൗസെഫ്, വടക്കഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി ഗംഗാധരൻ, രമാജയൻ, വനജ രാധാകൃഷ്ണൻ, വാർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീലേഖ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.