ഒറ്റപ്പാലം: പാലക്കാട് ജില്ലയിൽ നികുതി അടവു തെറ്റി കുടിശികയായിക്കിടക്കുന്ന ആറായിരത്തിലധികം വാഹന ഉടമകൾക്കെതിരെ നടപടി വരും. ഉപേക്ഷിച്ചതോ പൊളിച്ചുകളഞ്ഞതോ വിറ്റ് ഒഴിവാക്കിയതോ ആയ വാഹനങ്ങൾക്കാണ് നികുതി കുടിശിക വരുത്തിയതിന്റെ പേരിൽ ഉടമകൾ ജപ്തി അടക്കമുള്ള നടപടികൾ നേരിടാൻ പോകുന്നത്. ഈ വാഹനങ്ങളെല്ലാം തന്നെ നികുതി അടക്കാതെ സർവീസ് നടത്തുന്നതായാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്.
ജൂണ്‍ മാസം വരെയായിരുന്നു നികുതി കുടിശിക തീർക്കാൻ അധികൃതർ സമയം അനുവദിച്ചിരുന്നത്. എന്നാൽ കൂടുതൽ പേരും ഇതിനു തയ്യാറായിട്ടില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. റവന്യൂ റിക്കവറി അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
കുറഞ്ഞ നിരക്കിൽ നികുതി തീർപ്പാക്കാനുള്ള സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പുരോഗമിക്കുന്നുണ്ട്. എന്നാൽ ഇത് ഉദ്ദേശിച്ച രീതിയിൽ ഫലം കണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. വില്പന നടത്തി ഉടമസ്ഥന്റെ പേര് മാറ്റാത്ത വാഹനങ്ങൾ, പൊളിച്ചുകളഞ്ഞ വാഹനങ്ങൾ, ഉപേക്ഷിച്ച വാഹനങ്ങൾ, എന്നിവയ്ക്കാണ് നികുതി കുടിശികയുടെ പ്രശ്നങ്ങൾ പ്രധാനമായും വരുന്നത്.
വാഹനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് കരുതി ഇരുന്നാലും നികുതി കുടിശിക ഒഴിവാകില്ല. മോട്ടോർവാഹനവകുപ്പിൽ വിവരം രേഖാമൂലം അറിയിക്കണം. അല്ലാത്തപക്ഷം വാഹനം നികുതി അടക്കാതെ ഉപയോഗിക്കുന്നുവെന്നാണ് മോട്ടോർവാഹനവകുപ്പ് വിലയിരുത്തുക.