ശ്രീനഗര്‍:ഇന്ത്യയില്‍ താമസിച്ച് പാകിസ്ഥാനു വേണ്ടി പൊരുതുന്ന വിഘടനവാദി നേതാക്കള്‍ക്കായി രാജ്യം ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപ. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണു ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. ജമ്മു-കാശ്മീര്‍ സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷം വിഘടനവാദി നേതാക്കളുടെ സുരക്ഷയ്ക്കും മറ്റുമായി 15 കോടിയിലധികം രൂപയാണു ചെലവഴിച്ചത്. സുരക്ഷ, കാവല്‍ക്കാര്‍, പഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാര്‍ (പിഎസ്ഒ) എന്നീ ഇനങ്ങളിലാണു ചെലവ്. പാക്ക് അനുകൂല നിലപാടു സ്വീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മിര്‍വായ്‌സ് ഉമര്‍ ഫാറൂഖ്, പ്രഫ. അബ്ദുല്‍ ഗനി ഭട്ട്, ബിലാല്‍ ഗനി ലോണ്‍, ഹാഷിം ഖുറേഷി, ഫസല്‍ ഹഖ് ഖുറേഷി, ഷബീര്‍ ഷാ എന്നിവര്‍ക്കുള്ള സുരക്ഷ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു.
മുതിര്‍ന്ന വിഘടനവാദി നേതാവ് മിര്‍വായ്‌സ് ഉമര്‍ ഫാറൂഖിനു വേണ്ടിയാണു കൂടുതല്‍ പണം ഖജനാവില്‍നിന്നു ചെലവാക്കിയത്. പൊലീസ് അകമ്പടിക്ക് 1.27 കോടി, സുരക്ഷാ ഡ്യൂട്ടിക്ക് 5.06 കോടി എന്നിങ്ങനെയാണു സര്‍ക്കാരിനു ചെലവ്. ശ്രീനഗറിലെ നഗീന്‍ പ്രദേശത്ത് മിര്‍വായ്‌സിന്റെ വസതിക്ക് 10 പൊലീസുകാര്‍ സദാസമയവും സുരക്ഷയൊരുക്കുന്നു. പിഎസ്ഒമാരുടെ സേവനവുമുണ്ട്. 2011 മുതല്‍ പ്രഫ. അബ്ദുല്‍ ഗനി ഭട്ടിന് 6-8 പൊലീസുകാരും നാല് എസ്പിഒമാരും കാവലൊരുക്കുന്നു. സര്‍ക്കാരിനു ചെലവ് 2.34 കോടി രൂപ. മിര്‍വായ്‌സിന്റെ നേതൃത്വത്തിലുള്ള ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ എക്‌സിക്യൂട്ടിവ് അംഗമാണു ഭട്ട്.
മറ്റൊരു നേതാവായ ബിലാല്‍ ഗനി ലോണിന്റെ സുരക്ഷയ്ക്കായി 1.65 കോടിയുടെ ബാധ്യതയാണു സര്‍ക്കാരിനുണ്ടായത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സജ്ജദ് ലോണ്‍ മുന്‍ ബിജെപി സഹയാത്രികനും മുന്‍ മന്ത്രിയുമാണ്.വിഘടനവാദിയും ഷിയാ നേതാവുമായ അബ്ബാസ് അന്‍സാരി 3.09 കോടി, മറ്റൊരു ഷിയ നേതാവ് സയിദ് ഹസ്സന്‍ 1.04 കോടി, സലീ ഗിലാനി 34.70 ലക്ഷം, സഫര്‍ അക്ബര്‍ ഭട്ട് 47.95 ലക്ഷം, ഷാഹിദ് ഉള്‍ ഇസ്ലാം 81.47 ലക്ഷം, അബ്ദുല്‍ ഗനി ഷാ 8.74 ലക്ഷം, സയിദ് അബ്ദുല്‍ ഹുസൈന്‍ 25.21 ലക്ഷം, ഫറൂഖ് അഹമ്മദ് കിച്ച്‌ലൂ 8.74 ലക്ഷം, മസ്രൂര്‍ അബ്ബാസ് അന്‍സാരി 22.10 ലക്ഷം എന്നിങ്ങനെയാണു മറ്റുള്ളവരുടെ ചെലവ്. മിര്‍വായ്‌സിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഷാഹിദ് ഉള്‍ ഇസ്ലാമിനെ 2017 ജൂലൈ 25ന് എന്‍ഐഎ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നു സുരക്ഷ പിന്‍വലിച്ചിരുന്നു. പാകിസ്ഥാനോടു കൂറു കാണിക്കുന്നവരുടെ സുരക്ഷയ്ക്കായി ഇത്രയും നാള്‍ ചിലവഴിച്ചിരുന്നതാവട്ടെ പൊതുജനങ്ങളുടെ നികുതിപ്പണവും.