കേരളം 1 രൂപ നികുതി കൊടുക്കുമ്പോള്‍ തിരികെ ലഭിക്കുന്നത് 25 പൈസ! യുപി ഒരു രൂപ നല്‍കിയാല്‍ കിട്ടുന്നത് 1 രൂപ 75 പൈസ; കേരളത്തിലെ പണം കൊണ്ട് കേന്ദ്രം യുപിയെ വികസിപ്പിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

കേന്ദ്രത്തിന് നികുതിയിലൂടെയും മറ്റും കേരളം കൊടുക്കുന്ന ഓരോ രൂപയ്ക്കും കേവലം ഇരുപത്തിയഞ്ച് പൈസയാണ് നികുതിവിഹിതമെന്ന നിലയ്ക്ക് തിരികെ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാനമായി ഉത്തര്‍പ്രദേശിനു ഒരു രൂപക്ക് തിരികെ ലഭിക്കുന്നത് ഒരു രൂപ എഴുപത്തിയൊന്‍പത് പൈസയുമാണ്. ഒരു രൂപ കേന്ദ്രത്തിനു കൊടുക്കുമ്പോള്‍ തമിഴ്നാടിന്റെ വിഹിതം നാല്‍പത് പൈസയും കര്‍ണാടകത്തിന് ഇത് നാല്പത്തിയേഴ് പൈസയുമാണ്.

കേന്ദ്രവും സംസ്ഥാനങ്ങളുമായി രാജ്യത്തിന്റെ വരുമാനം വീതം വയ്ക്കുന്നതിനായി രൂപീകരിച്ച പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 2011ലെ സെന്‍സസ് ആധാരാമാക്കി വിഹിതം നിശ്ചയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാകെയും, കേരളത്തിനു പ്രത്യേകിച്ചും തിരിച്ചടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിര്‍ദേശം നടപ്പിലാക്കപ്പെടുകയാണെങ്കില്‍ വിഹിതവിതരണത്തിലെ ഈ അസന്തുലിതാവസ്ഥ കൂടുതല്‍ രൂക്ഷമാകും. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ഇതുസംബന്ധിച്ച വിശദീകരണം. മുഖ്യമന്ത്രി യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

കേന്ദ്രവും സംസ്ഥാനങ്ങളുമായി രാജ്യത്തിന്റെ വരുമാനം വീതം വയ്ക്കുന്നതിനായി രൂപീകരിച്ച പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 2011ലെ സെന്‍സസ് ആധാരാമാക്കി വിഹിതം നിശ്ചയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാകെയും, കേരളത്തിനു പ്രത്യേകിച്ചും തിരിച്ചടിയാണ്.
കുടുംബാസൂത്രണപരിപാടികള്‍ വ്യാപകമായി രാജ്യത്ത് നടപ്പിലാക്കുന്നതിനു മുന്‍പുള്ള ജനസംഖ്യാകണക്കെടുപ്പാണ് 1971ലേത്.

ഇത്രയും നാളും റവന്യൂ വിഹിതം നിശ്ചയിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയിരുന്നത് 1971ലെ ജനസംഖ്യാ കണക്കെടുപ്പായിരുന്നു. ഇത് മാറ്റി 2011 ലെ സെന്‍സസ് ആധാരമാക്കുന്നത് കേരളം പോലെ മാനവ വികസന സൂചികകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളോടുള്ള കടുത്ത അനീതിയാണ്. ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതില്‍ വലിയ നേട്ടം കൈവരിച്ച കേരളവും തമിഴ്‌നാടും പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണിത്.

നിലവില്‍ കേന്ദ്രത്തിന് നികുതിയിലൂടെയും മറ്റും കേരളം കൊടുക്കുന്ന ഓരോ രൂപയ്ക്കും കേവലം ഇരുപത്തിയഞ്ച് പൈസയാണ് നികുതിവിഹിതമെന്ന നിലയ്ക്ക് തിരികെ ലഭിക്കുന്നത്. സമാനമായി ഒരു രൂപ കേന്ദ്രത്തിനു കൊടുക്കുമ്പോള്‍ തമിഴ്‌നാടിന്റെ വിഹിതം നാല്പത് പൈസയും കര്‍ണാടകത്തിനു ഇതു നാല്പത്തിയേഴ് പൈസയുമാണ്. അതേ സമയം ഉത്തര്‍പ്രദേശിനു ഒരു രൂപക്ക് തിരികെ ലഭിക്കുന്നത് ഒരു രൂപ എഴുപത്തിയൊന്‍പത് പൈസയാണ്. പുതിയ നിര്‍ദേശം നടപ്പിലാക്കപ്പെടുകയാണെങ്കില്‍ വിഹിതവിതരണത്തിലെ ഈ അസന്തുലിതാവസ്ഥ കൂടുതല്‍ രൂക്ഷമാകും.

 

 

Related posts