ന്യൂഡൽഹി: രാജ്യത്തെ പ്രത്യക്ഷ നികുതി പിരിവ് പത്തു ലക്ഷം കോടി രൂപ കവിഞ്ഞു. എന്നാൽ, ലക്ഷ്യമിട്ട 12 ലക്ഷം കോടി രൂപയിൽനിന്നു വളരെ താഴെയേ നികുതിപിരിവ് എത്തൂ.
മാർച്ച് 16 വരെയുള്ള നിലവച്ച് പിരിവ് പത്തു ലക്ഷംകോടി രൂപയ്ക്കു മുകളിലായി. അഡ്വാൻസ് ടാക്സിന്റെ അവസാന ഗഡു അടയ്ക്കേണ്ട അവസാന തീയതി 15 ആയിരുന്നു. അഡ്വാൻസ് ടാക്സിന്റെ മുഴുവൻ കണക്കും ലഭിക്കുന്പോൾ തുക കുറച്ചുകൂടി കൂടും.
എന്നാൽ, ബജറ്റിലെ പ്രതീക്ഷയിൽനിന്ന് ഒരു ലക്ഷത്തിൽ പരം കോടി രൂപയുടെ കുറവ് ഉണ്ടാകും. വ്യക്തികളുടെ ആദായനികുതിയും കന്പനികളുടെ ആദായനികുതിയുമാണു പ്രത്യക്ഷ നികുതിയിൽ ഉള്ളത്. ഇവയിൽനിന്നു മൊത്തം 11.5 ലക്ഷം കോടി രൂപയാണ് 2018-19 ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രതീക്ഷിച്ചത്. ഈ വർഷം പുതുക്കിയ എസ്റ്റിമേറ്റിലാണു ലക്ഷ്യം 12 ലക്ഷം കോടിയാക്കിയത്.
പരോക്ഷ നികുതികളിലും ലക്ഷ്യം കാണില്ല. ജിഎസ്ടി പിരിവ് ബജറ്റിൽ ഉദ്ദേശിച്ച 7.43 ലക്ഷം കോടി എന്നത് 6.43 ലക്ഷം കോടിയാക്കി കുറച്ചു. കസ്റ്റംസ് ഡ്യൂട്ടി ലക്ഷ്യം 1.12 ലക്ഷം കോടിയിൽനിന്ന് 1.3 ലക്ഷം കോടിയിലേക്കു വർധിപ്പിച്ചിട്ടുണ്ട്.
മൊത്തത്തിൽ ബജറ്റ് കണക്കിൽ വലിയ പാളിച്ചയാണു വരുന്നത്. ഇതിനനുസരിച്ചു ചെലവ് ചുരുക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തില്ലെങ്കിൽ കമ്മി കൂടും. കമ്മി പ്രതീക്ഷയിലധികമായാൽ വിദേശ റേറ്റിംഗ് ഏജൻസികൾ റേറ്റിംഗ് താഴ്ത്തും.