ന്യൂഡൽഹി: ആദായനികുതി അടച്ചതിൽ റീഫണ്ട് ലഭിക്കുമെന്ന സന്ദേശങ്ങക്കെതിരേ ആദായനികുതി വകുപ്പ് രംഗത്ത്. ഇത്തരം എസ്എംഎസ് സന്ദേശങ്ങൾ പുതിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നതാണെന്നാണ് വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രേഡ് ഉപയോക്താക്കൾക്ക് ആദായനികുതി വകുപ്പ് ഇ-മെയിൽ അയച്ചിട്ടുണ്ട്.
ചില നികുതിദായകർ ഈ വ്യാജ എസ്എംഎസുകൾ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചിട്ടുമുണ്ട്. ഓരോ നികുതിദായകനും 34,251 രൂപ റീഫണ്ട് ലഭിക്കുമെന്നാണ് എസ്എംഎസിന്റെ ഉള്ളടക്കം. ഒരു പ്രത്യേക പേജിലേക്കുള്ള ലിങ്കും ഉൾപ്പെടുത്തിയാണ് സന്ദേശം വ്യാപിക്കുന്നത്. ഈ ലിങ്കിൽ പ്രവേശിച്ചാൽ ഉപയോക്താക്കളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ ഒടുവിൽ ചോദിക്കുന്നുമുണ്ട്.
അക്കൗണ്ടിൽനിന്ന് പണം ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആദായനികുതിവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി സൈബർ തട്ടിപ്പുകൾ വ്യാപിക്കുന്നതിനാൽ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ ആകൃഷ്ടരാകരുതെന്നും ബാങ്ക് വിവരങ്ങൾ ചോദിക്കുന്ന ഒരു സൈറ്റിലും പ്രവേശിക്കരുതെന്നും ആദായനികുതി വകുപ്പ് പറയുന്നുണ്ട്.