നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ നികുതിദായകനു മൊത്തവരുമാനത്തിൽനിന്ന് ലഭിക്കുന്ന കിഴിവുകളെപ്പറ്റിയും അവയുടെ വകുപ്പുകളെപ്പറ്റിയും താഴെ വിവരിക്കുന്നു.
വകുപ്പ് 80 സി അനുസരിച്ച്
ഈ വകുപ്പനുസരിച്ച് നികുതിദായകനു ലഭിക്കുന്ന പരമാവധി കിഴിവ് 1,50,000 രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചാലാണ് നികുതിദായകന് ഈ വകുപ്പനുസരിച്ച് കിഴിവ് ലഭിക്കുന്നത്.
1) പ്രൊവിഡന്റ് ഫണ്ട്: ശന്പളക്കാരായ നികുതിദായകരുടെ കാര്യത്തിൽ ശന്പളത്തിൽനിന്നും നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്കു നിർബന്ധിതമായും പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തിൽനിന്ന് കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിൽനിന്നു നിലവിൽ 7.8 ശതമാനം പലിശ ലഭിക്കുന്നതാണ്. ഈ പലിശയ്ക്കും നികുതിയിൽനിന്ന് ഒഴിവുള്ളതാണ്.
2) പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: നിലവിൽ ഇവയ്ക്ക് 7.8 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്കും നികുതിയിൽനിന്ന് ഒഴിവ് ലഭിക്കുന്നതാണ്.
3) ലൈഫ് ഇൻഷ്വറൻസ് പ്രീമിയം: ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരുടെ പേരിൽ അടയ്ക്കുന്ന ഇൻഷ്വറൻസ് പ്രീമിയത്തിനാണ് കിഴിവു ലഭിക്കുന്നത്. മാതാപിതാക്കളുടെ പേരിൽ ഇൻഷ്വറൻസ് പ്രീമിയം അടച്ചാൽ അതിനു കിഴിവ് ലഭിക്കുന്നതല്ല.
4) ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്): ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇവ. ഇവയ്ക്ക് ഗാരന്റീഡ് ആയിട്ടുള്ള ഡിവിഡന്റ് ലഭിക്കില്ല. ഓഹരിവിപണിയുടെ വ്യതിയാനങ്ങളനുസരിച്ചു ലഭിക്കുന്ന ഡിവിഡന്റിന് മാറ്റം വന്നേക്കാം.
5) ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്: ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിംഗ് സൊസൈറ്റികളിൽനിന്നും വീടുപണിയുന്നതിനും വാങ്ങുന്നതിനും എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുന്പോൾ പ്രസ്തുത തുകയ്ക്ക് പരമാവധി 1,50,000 രൂപവരെ 80 സി വകുപ്പനുസരിച്ച് കിഴിവ് ലഭിക്കുന്നതാണ്. കിഴിവ് ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഭവനം അഞ്ചു വർഷത്തേക്ക് വിൽക്കാനും പാടില്ല. പൂർത്തിയാക്കാത്ത വീടിന്റെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കില്ല.
6) വീട് വാങ്ങുന്പോൾ ഉണ്ടാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും: വീട് വാങ്ങുന്പോൾ ചെലവാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും അതിന്റെ രജിസ്ട്രേഷൻ ചാർജും 80 സി വകുപ്പനുസരിച്ച് കിഴിവിനർഹമാണ്.
7) സുകന്യ സമൃദ്ധി അക്കൗണ്ട്: പെണ്കുട്ടികൾക്കുവേണ്ടി മോദി സർക്കാർ അനുവദിച്ച നിക്ഷേപ ആനുകൂല്യമാണിത്. പെണ്കുട്ടിയുടെ പേരിൽ (പരമാവധി രണ്ടു പെണ്കുട്ടികൾ, ഇരട്ടകളാണെങ്കിൽ മൂന്ന്) ഈ സ്കീമിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിവർഷം 1,50,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 14 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.4 ശതമാനം പലിശ ലഭിക്കുന്നതും പലിശയ്ക്ക് നികുതിയിൽനിന്ന് ഒഴിവ് ലഭിക്കുന്നതുമാണ്.
8) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി VIII ഇഷ്യു): നിലവിൽ അഞ്ചു വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യഥാക്രമം 7.9 ശതമാനം നിരക്കിൽ പലിശ ലഭിക്കും. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. ചുരുങ്ങിയ തുക 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിനു മുന്പ് നികുതിദായകൻ മരണപ്പെട്ടാൽ മാത്രമേ പിൻവലിക്കാൻ സാധിക്കൂ. ലഭിക്കുന്ന പലിശ നികുതിവിധേയമാണെങ്കിലും റീ ഇൻവെസ്റ്റ് ചെയ്യുന്നതിനാൽ നികുതി ഒഴിവ് ലഭിക്കുന്നതാണ്.
9) അഞ്ചു വർഷത്തേക്കുള്ള ബാങ്ക് ഡെപ്പോസിറ്റുകൾ: അഞ്ചു വർഷത്തേക്കുള്ള കാലാവധിയിൽ ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.
10) അഞ്ചു വർഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: സാധാരണഗതിയിൽ പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റുകൾ ഒരു വർഷം മുതലുള്ള കാലാവധികളിൽ ലഭ്യമാണെങ്കിലും അഞ്ചു വർഷത്തെ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്കു മാത്രമേ ആനുകൂല്യം ലഭിക്കൂ. നിലവിൽ 7.8 ശതമാനം പലിശ നേടിത്തരുന്ന ഈ നിക്ഷേപപദ്ധതിക്കു ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് ഉണ്ടാകുന്നതല്ല.
11) സീനിയർ സിറ്റിസണ് സേവിംഗ്സ് സ്കീം 2004: മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതിക്ക് 8.4 ശതമാനം പലിശ ലഭിക്കുന്നതോടൊപ്പം 80 സി വകുപ്പിൽ ആനുകൂല്യവും ലഭിക്കുന്നതാണ്. വോളന്ററി റിട്ടയർമെന്റ് സ്കീമിൽ റിട്ടയർ ചെയ്തിരിക്കുന്ന നികുതിദായകർക്കുള്ള പ്രായപരിധി 55 വയസാണ്.
12) നബാർഡ് റൂറൽ ബോണ്ട്സ്: നബാർഡിന്റെ റൂറൽ ബോണ്ടുകൾക്കു മാത്രം 80 സി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുന്നതാണ്.
13) യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ: ഇവയ്ക്കും 80 സി വകുപ്പനുസരിച്ച് ആനുകൂല്യം ലഭിക്കുന്നതാണ്.
14) കുട്ടികളുടെ ട്യൂഷൻ ഫീസ്: ഈ ഇനത്തിൽ ചെലവാകുന്ന തുകയ്ക്ക് കിഴിവ് ലഭിക്കുന്നതാണ് (പരമാവധി രണ്ടു കുട്ടികൾ).
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കും കൂടി പരമാവധി 1,50,000 രൂപയുടെ ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 സിസിഡി (1) അനുസരിച്ച് എൻപിഎസിൽ
ഈ സ്കീം അനുസരിച്ച് എല്ലാ ജോലിക്കാർക്കും ശന്പളത്തിന്റെ 10 ശതമാനം വരെ നിക്ഷേപിക്കാവുന്നതാണ്. ജോലിക്കാരല്ലാത്തവർക്ക് മൊത്തവരുമാനത്തിന്റെ 20 ശതമാനം വരെ നിക്ഷേപിക്കാം.
വകുപ്പ് 80 സിസിഡി(1 ബി) അനുസരിച്ച് എൻപിഎസിൽ
എൻപിഎസിലേക്കും അടൽ പെൻഷൻ യോജന പദ്ധതിയിലേക്കും നിക്ഷേപിക്കുന്ന തുകയ്ക്ക് ജോലിക്കാർക്ക് പരമാവധി 50,000 രൂപ വരെ ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 ടിടിഎ അനുസരിച്ച് സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക്
സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് പരമാവധി 10,000 രൂപ വരെ നികുതി ആനുകൂല്യം ലഭിക്കും. ഇത് വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ലഭിക്കും. ഫിക്സഡ് ഡെപ്പോസിറ്റുകളിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് നികുതി ആനുകൂല്യം ലഭിക്കില്ല.
വകുപ്പ് 80 ഇ അനുസരിച്ച് വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക്
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയെടുക്കുന്ന വിദ്യാഭ്യാസവായ്പയുടെ പലിശയടയ്ക്കുന്ന തുകയ്ക്ക് മൊത്തവരുമാനത്തിൽനിന്നു കിഴിവ് ലഭിക്കും. തിരിച്ചടവ് കാലാവധി എട്ടു വർഷത്തിൽ കൂടാൻ പാടില്ല. ഉയർന്ന പരിധിയില്ല.
വകുപ്പ് 80 ഇഇ അനുസരിച്ച് ഭവനവായ്പയുടെ പലിശയ്ക്ക് ആനുകൂല്യം
ഈ ആനുകൂല്യം ലഭിക്കുന്നതിനു താഴെ പറഞ്ഞിട്ടുള്ള നിബന്ധനകൾ ബാധകമാണ്.
1) നിലവിൽ നികുതിദായകന്റെ പേരിൽ മറ്റു വീടുകൾ ഉണ്ടായിരിക്കാൻ പാടില്ല.
2) ഭവനവായ്പ 2016-17 വർഷത്തിലോ അതിനു ശേഷമോ എടുത്തതായിരിക്കണം.
3) വീടിന്റെ മൂല്യം 50 ലക്ഷം രൂപയിൽ കൂടുതലാകാനും ഭവനവായ്പ 35 ലക്ഷത്തിൽ കൂടുതലാകാനും പാടില്ല.
വകുപ്പ് 80 ജിജി അനുസരിച്ച് വീട്ടുവാടകയ്ക്കു ലഭിക്കുന്ന ആനുകൂല്യം
നികുതിദായകന്റെ പേരിലോ ഭാര്യയുടെ പേരിലോ മൈനർ ആയിട്ടുള്ള കുട്ടികളുടെ പേരിലോ, ജോലിചെയ്യുന്ന സ്ഥലത്ത് വീടില്ലായെങ്കിൽ നല്കുന്ന വീട്ടുവാടകയ്ക്ക് നിബന്ധനകൾക്കു വിധേയമായി 5000 രൂപ വരെ പ്രതിമാസ ആനുകൂല്യം ലഭിക്കും. 2016-17 സാന്പത്തികവർഷം മുതലാണ് പ്രസ്തുത തുക 5000 രൂപയിലേക്ക് ഉയർത്തിയത്. അതിനു മുന്പു ലഭിക്കുന്ന ആനുകൂല്യം പ്രതിമാസം 2000 രൂപയായിരുന്നു.
വകുപ്പ് 80 ഡി അനുസരിച്ച് മെഡിക്ലെയിം പോളിസികൾ
25,000 രൂപ വരെയാണ് സാധാരണ മെഡിക്ലെയിം പോളിസിയനുസരിച്ച് ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ, മുതിർന്ന പൗരന്മാർക്ക് ഇത് 30,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ മാതാപിതാക്കളുടെ പേരിൽ പ്രസ്തുത ഇൻഷ്വറൻസ് എടുക്കുകയാണെങ്കിൽ അധികമായി 25,000 രൂപയുടെയും (മുതിർന്ന പൗരന്മാരാണെങ്കിൽ 30,000 രൂപയുടെയും) നികുതി ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 ഡിഡി അനുസരിച്ച് വൈകല്യമുള്ള ബന്ധുവിനുവേണ്ടിയുള്ള മെഡിക്കൽ ചെലവുകൾ
വൈകല്യം 80 ശതമാനത്തിൽ താഴെയും 40 ശതമാനത്തിൽ മുകളിലുമുള്ള ബന്ധുവിന്റെ മെഡിക്കൽ ആവശ്യങ്ങൾക്കു ചെലവാകുന്ന തുകയ്ക്ക് പരമാവധി 75,000 രൂപ വരെ നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യം ലഭിക്കും. വൈകല്യം 80 ശതമാനത്തിനു മുകളിലാണെങ്കിൽ പ്രസ്തുത തുക പരമാവധി 1,25,000 രൂപയാണ്.
വകുപ്പ് 80 ഡിഡിബി അനുസരിച്ച് മെഡിക്കൽ ചെലവുകൾക്കുള്ള ആനുകൂല്യം
റസിഡന്റ് ആയിട്ടുള്ള നികുതിദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിനും നികുതിദായകനും മെഡിക്കൽ ആവശ്യങ്ങൾക്കു ചെലവായ തുകയ്ക്ക് പരമാവധി 40,000 രൂപ വരെ ആനുകൂല്യം ലഭിക്കും. പ്രസ്തുത തുക 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന് പരമാവധി 60,000 രൂപയായും 80 വയസിന് മുകളിലുള്ളവർക്ക് പരമാവധി തുക 80,000 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.
വകുപ്പ് 80 ജി അനുസരിച്ചു സംഭാവനകൾ നൽകുന്നതിനുള്ള ആനുകൂല്യം
ഈ വകുപ്പ് അനുസരിച്ച് സംഭാവനകൾ നൽകുന്ന തുകയ്ക്ക് 50 ശതമാനം/100 ശതമാനം വരെ കിഴിവുകൾ ലഭിക്കുന്നതാണ്. എന്നാൽ, ഇത്തരത്തിൽ ആനുകൂല്യം ലഭിക്കണമെങ്കിൽ 10,000 രൂപയ്ക്കു മുകളിലുള്ള തുക കാഷ് ആയി നല്കാൻ പാടില്ല.
വകുപ്പ് 80 യു അനുസരിച്ച് ശാരീരിക വൈകല്യമുള്ളയാൾക്കു ലഭിക്കുന്ന ആനുകൂല്യം
ഈ വകുപ്പനുസരിച്ച് ഏതെങ്കിലും വിധത്തിൽ വൈകല്യം അനുഭവിക്കുന്നയാൾക്ക് 75,000 രൂപ വരെ കിഴിവ് ലഭിക്കും. ഗുരുതരമായ ശാരീരിക വൈകല്യമാണെങ്കിൽ 1,25,000 രൂപവരെ കിഴിവ് ലഭിക്കുന്നതാണ്. എന്നാൽ, ഇത്തരത്തിൽ 1,25,000 രൂപ വരെ ആനുകൂല്യം ലഭിക്കാൻ ഗവണ്മെന്റ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.