നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
സ്രോതസിൽതന്നെ ആദായനികുതി പിടിച്ചതിനുശേഷം വരുമാനത്തിന്റെ ബാക്കി തുക നികുതിദായകന് നൽകുന്ന വകുപ്പുകളാണ് ആദായനികുതി നിയമത്തിൽ 17-ാം അദ്ധ്യായത്തിൽ സൂചിപ്പിക്കുന്നത്. നാം സന്പാദിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് നികുതി ആയി അടയ്ക്കുന്നത്. ഇത് ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്ക് ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതി പിരിവിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
സ്രോതസിൽനിന്നും പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദ്ദിഷ്ട തിയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നത്. താഴെ പറയുന്ന റിട്ടേണ്‍ ഫോമുകളാണ് വിവിധതരത്തിൽ നികുതി സ്രോതസിൽനിന്നു പിടിക്കുന്പോൾ ഉപയോഗിക്കേണ്ടത്.
1) 24 ക്യു – ശന്പളത്തിൽ നിന്നുള്ള നികുതി
2) 26 ക്യു – ശന്പളം ഒഴികെയുള്ള റെസിഡന്റിന് നൽകുന്ന എല്ലാ വരുമാനത്തിനും ഉള്ള നികുതി.
3) 27 ക്യു – നോണ്‍ റെസിഡന്റായിട്ടുള്ളവർക്ക് പലിശയും ഡിവിഡന്റും ഉൾപ്പെടെയുള്ള ഏത് വരുമാനവും നൽകുന്ന അവസരങ്ങളിൽ
4) 27 ഇ.ക്യു – ടി.സി.എസിന്റെ റിട്ടേണുകൾ
ഇതു കൂടാതെ റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ഫോം നന്പർ 27 എയും കൂടി സമർപ്പിക്കേണ്ടതുണ്ട്. സ്ഥാപനം ഈ പീരിയഡിൽ ആകെ കൊടുത്ത തുകയും ആകെ അടച്ച നികുതിയുമാണ് ഇതിൽ കാണിക്കുന്നത്.
ആദായനികുതി റിട്ടേണുകൾക്ക് ഒക്ടോബർ 31 വരെ സമയം
ആദായനികുതി നിയമം 90 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ട നികുതിദായകർ ഒഴികെയുള്ള ഓഡിറ്റ് ആവശ്യമായിട്ടുള്ള എല്ലാ നികുതിദായകരും പാർട്ണർഷിപ്പ് ഫേമുകൾ ആണെങ്കിൽ അവയുടെ പാർട്ണേഴ്സും 2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ സമർപ്പിക്കേണ്ട അവസാന തിയതി 2018 ഒക്ടോബർ 15 ൽ നിന്നും ഒക്ടോബർ 31 വരെ ആക്കി മാറ്റിയിരിക്കുന്നു.
ത്രൈമാസ റിട്ടേണുകൾസമർപ്പിച്ചില്ലെങ്കിൽ പിഴ
നിർദ്ദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകവും റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ അല്ലെങ്കിൽ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചതെങ്കിൽ നികുതി പിടിച്ച വ്യക്തിയുടെ മേൽ പിഴ ചുമത്തുവാൻ വ്യവസ്ഥയുണ്ട്.
10000/- രൂപയിൽ കുറയാതെയും 1,00000/- രൂപയിൽ കൂടാതെയുള്ള തുകയാണ് പിഴയായി ചുമത്തുന്നത്.
സ്രോതസിൽനിന്നു നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ
സ്രോതസിൽനിന്നു പിടിച്ച നികുതി യഥാസമയത്ത് തന്നെ അടച്ചെങ്കിൽമാത്രമേ പണത്തിന്റെ ക്രെഡിറ്റ് നികുതി വകുപ്പിൽ നിന്നും യഥാസമയം ലഭിക്കുകയുള്ളൂ. നികുതി പിടിച്ച വ്യക്തി റിട്ടേണ്‍ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്ക് നികുതിയുടെ ക്രെഡിറ്റ് ലഭിക്കുകയില്ല.01-07-2012 മുതൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം ഓരോ റിട്ടേണിനും 200 രൂപ വീതം ചുമത്തുവാൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്. എന്നാൽ ഈ പിഴ തുക പരമാവധി അടച്ച നികുതിയുടെ തത്തുല്യമായ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്.