നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
മുൻകാലങ്ങളിലെ ആദായനികുതി റിട്ടേണ്‍ ഫോമുമായി താരതമ്യം ചെയ്യുന്പോൾ 2018-19 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ ഒരുപാട് വിവരങ്ങൾ കൂടുതലായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ കൂടുതലും 2018ലെ ബജറ്റിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളെയും മറ്റും ഉൾക്കൊള്ളിച്ചുകൊണ്ടാണ്. യഥാർഥ വരുമാനം യഥാർഥ ഹെഡുകളിൽ ഉൾപ്പെടുത്തുന്നതിനും കൂടി വേണ്ടിയാണിത്.
1. നിങ്ങൾ ഏതെങ്കിലും കന്പനിയുടെ ഡയറക്ടർ ആണോ?
നിങ്ങൾ ഏതെങ്കിലും കന്പനിയിലെ ഡയറക്ടർ ആണെങ്കിൽ നിങ്ങളുടെ ഡിൻ നന്പർ റിട്ടേണിൽ നിർബന്ധമായും ചേർക്കണം. കൂടാതെ കന്പനിയുടെ പേര്, കന്പനിയുടെ പാൻ, കന്പനിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവയും സൂചിപ്പിക്കണം.
2. നിങ്ങൾക്ക് പലിശ ലഭിക്കുന്നുണ്ടോ?
നിങ്ങൾക്ക് ലഭിക്കുന്ന പലിശ ഏതുതരം നിക്ഷേപങ്ങളിൽനിന്നു ലഭിച്ചതാണെന്ന് വ്യക്തമാക്കണം. സേവിംഗ്സ് ബാങ്കിൽനിന്നാണോ, അതോ ഫിക്സഡ് ഡെപ്പോസിറ്റുകളിൽനിന്നാണോ, ഇൻകം ടാക്സ് റീഫണ്ടിൽനിന്നാണോ എന്നിങ്ങനെ അവയുടെ ഉറവിടം വ്യക്തമാക്കണം.
3. റെസിഡൻഷൽ സ്റ്റാറ്റസ്
ആദായനികുതി നിയമപ്രകാരം നിങ്ങളുടെ റെസിഡൻഷൽ സ്റ്റാറ്റസ് എന്തുതന്നെയാണെങ്കിലും നിങ്ങൾ ഇന്ത്യയിൽ താമസിച്ച ദിവസങ്ങൾ, ജുറിസ്ഡിക്ഷൻ, നോണ്‍ റെസിഡന്റ് ആണെങ്കിൽ ടാക്സ് ഐഡന്റിഫിക്കേഷൻ നന്പർ എന്നിവ നല്‍കേണ്ടതുണ്ട്.
4. പേപ്പർ റിട്ടേണുകൾ
ഈ വർഷം മുതൽ പേപ്പർ റിട്ടേണുകൾ 80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
5. ശന്പള വരുമാനം
ആകെയുള്ള ശന്പളം, മറ്റ് ആനുകൂല്യങ്ങൾ, ഒഴിവുള്ള വരുമാനങ്ങൾ എന്നിവ പ്രത്യേകം പ്രത്യേകം സൂചിപ്പിക്കണം. കൂടാതെ കിഴിവായി ലഭിക്കുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ, എന്റർടെയിന്‍മെന്റ് അലവൻസ്, പ്രൊഫഷണൽ ടാക്സ് എന്നിവ പ്രത്യേകമായി സമർപ്പിക്കണം.
7. പ്രോപ്പർട്ടി വില്പന നടത്തിയിട്ടുണ്ടെങ്കിൽ
ഈ വർഷം പ്രോപ്പർട്ടിയുടെ വില്പന നടത്തിയിട്ടുണ്ടെങ്കിൽ വാങ്ങിയ വ്യക്തിയുടെ പൂർണവിവരങ്ങൾ നല്‍കേണ്ടതുണ്ട്. വാങ്ങിയ ആളുടെ പേര്, അഡ്രസ്, പാൻ എന്നിവ നല്‍കണം.
8. ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ ഉള്ള വരുമാനം
ഈ വർഷം മുതൽ മാനുഫാക്ചറിംഗ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട്, പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ട് എന്നിങ്ങനെ തരംതിരിച്ച് റിട്ടേണിൽ കാണിക്കണം. മാനുഫാക്ചറിംഗ് അക്കൗണ്ടിൽ ഡയറക്ട് വേജസ്, ഡയറക്ട് എക്സ്പെൻസസ്, ഡയറക്ട് ഓവർഹെഡ് എന്നിവ പ്രത്യേകം കാണിക്കണം. ഇവ മൂലം വില്പന നടത്തിയ സാധനങ്ങളുടെ കോസ്റ്റ്, ഗ്രോസ് പ്രോഫിറ്റ്, നെറ്റ് പ്രോഫിറ്റ് എന്നിവ പ്രത്യേകം പ്രത്യേകം മനസിലാക്കാൻ സാധിക്കും. എന്നാൽ ഉത്പാദനം ഇല്ലാത്തവർക്ക് നേരിട്ട് ട്രേഡിംഗ് അക്കൗണ്ടും പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടും മാത്രമേ ആവശ്യമുള്ളൂ. കണക്കു പുസ്തകങ്ങൾ സൂക്ഷിക്കാത്തവർ ബാങ്കിംഗ് ചാനലിലൂടെ ലഭിച്ച ടേണോവറും പ്രത്യേകം കാണിക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയിൽ കൂടുതൽ തുകയുടെ കിട്ടാക്കടം എഴുതി കളഞ്ഞിട്ടുണ്ടെങ്കിൽ ആ കസ്റ്റമറുടെ പാൻ നല്‍കേണ്ടതുണ്ട്. പാൻ ലഭ്യമല്ലെങ്കിൽ കസ്റ്റമറുടെ പേരും അഡ്രസും വ്യക്തമായും റിട്ടേണിൽ നല്‍കണം.
ചരക്ക് സേവനനികുതിയുടെ രജിസ്ട്രേഷൻ എടുത്തിട്ടുള്ള എല്ലാ നികുതിദായകരും അതിന്റെ നന്പർ നല്‍കണം. ആദായനികുതി നിയമം അല്ലാതെ വേറെ ഏതെങ്കിലും നിയമം അനുസരിച്ച് കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണെങ്കിൽ അവയുടെ വിശദവിവരങ്ങളും വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കേണ്ട തീയതിയും ആദായനികുതി റിട്ടേണിൽ സൂചിപ്പിക്കേണ്ടതുണ്ട്.
9. മറ്റ് വരുമാനങ്ങൾ
മറ്റ് വരുമാനങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആ വരുമാനത്തിന്റെ സ്വഭാവം റിട്ടേണിൽ സൂചിപ്പിക്കണം.
10. ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനികളുടെ ഓഹരികളുണ്ടെങ്കിൽ
കന്പനിയുടെ പേര്, പാൻ, ഓഹരികളുടെ എണ്ണം, ഓഹരികളുടെ വിശദവിവരങ്ങൾ, ഓഹരികൾ വില്പന നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ എന്നിവ റിട്ടേണിൽ നല്‍കേണ്ടതുണ്ട്.
11. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കൾ
വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളുടെ പൂർണവിവരങ്ങൾ റിട്ടേണിൽ നല്‍കേണ്ടതുണ്ട്. 2018-19 സാന്പത്തികവർഷത്തിൽ ഏതെങ്കിലും സമയത്ത് സ്വത്തുക്കൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ റിട്ടേണിൽ കാണിക്കണം. ഇവർ ഇന്ത്യയിൽ റെസിഡന്റ് ആണെങ്കിൽ മാത്രമേ പ്രസ്തുത നിയമം ബാധകമാകുകയുള്ളൂ.
12. 2000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ
2000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ കാഷ് ആയി നല്കിയിട്ടുണ്ടെങ്കിൽ അവയ്ക്ക് ആദായനികുതി നിയമം 80 ജി പ്രകാരമുള്ള കിഴിവിന് അർഹത ഉണ്ടായിരിക്കില്ല.