ബംഗളൂരു: കർണാടകയിലെ ക്ഷേത്ര നികുതി ബിൽ ലെജിസ്ലേറ്റീവ് കൗൺസിൽ തള്ളി. ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന് 10 ശതമാനം നികുതി നിർബന്ധമാക്കിയ ബില്ലാണു ശബ്ദവോട്ടെടുപ്പിൽ തള്ളിയത്.
ബില്ലിനെ അനുകൂലിച്ച് ഏഴ് വോട്ടുകളും എതിർത്ത് 18 വോട്ടുകളും രേഖപ്പെടുത്തി. രണ്ടു ദിവസം മുൻപ് സംസ്ഥാന നിയമസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിൽ ബിൽ തള്ളിയത് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനു തിരിച്ചടിയായി.
നിയമസഭ ബിൽ പാസാക്കിയതിനു പിന്നാലെ ബില്ലിനെതിരേ സംസ്ഥാന വ്യാപകമായി വിമർശനം ഉയർന്നിരുന്നു. വെള്ളിയാഴ്ച നിയമസഭാ കൗൺസിലിൽ മുസ്രയ് മന്ത്രി രാമലിംഗ റെഡ്ഡി ബിൽ അവതരിപ്പിച്ചത് ബിജെപി-കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായി.
കോൺഗ്രസ് ഹിന്ദു വിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.ഒരു കോടിയിൽ അധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും, 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 5 ശതമാനവും നികുതി പിരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ‘കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ബിൽ 2024”.