തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നേമം സോണൽ ഓഫീസിലെ കാഷ്യർ സുനിതയെ നേമം പോലീസ് അറസ്റ്റ് ചെയ്തു. നേമം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പ് കേസിലെ ആദ്യത്തെ അറസ്റ്റാണിത്.
പൂവാറിലെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ ശ്രീകാര്യം സോണലിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീകാര്യം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഓഫീസിലെ പ്യൂണ്‍ ബിജുവിനെ രണ്ട് ദിവസം മുൻപ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സുനിത ഉൾപ്പെടെ ഏഴ് ജീവനക്കാരെ നേരത്തെ കോർപ്പറേഷൻ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.
നികുതി വെട്ടിപ്പു കേസിലെ പ്രതികളായ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും സമരപരിപാടികളുമായി മുന്നോട്ട് പോകവെയാണ് ഇന്ന് നേമം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പ് കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജി, നേമം സിഐ രതീഷ്കുമാർ, സിപിഒ സുമ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
കോർപ്പറേഷനിലെ വിവിധ സോണൽ ഓഫീസുകളിൽ നിന്നായി 36 ലക്ഷത്തിൽപരം രൂപയുടെ നികുതി വെട്ടിപ്പ് ജീവനക്കാർ നടത്തിയെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നത്.