തിരുവനന്തപുരം: നികുതി വെട്ടിക്കാൻ വ്യാജരേഖ ചമച്ചതിന് രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജവിലാസത്തിൽ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിനാണ് കേസ്. അമിത വേഗത്തിൽ വണ്ടിയോടിച്ചതിന് പിഴ അടച്ചില്ലെന്ന കുറ്റവും അദ്ദേഹത്തിനെതിരേ നിലവിലുണ്ട്.
വ്യാജവിലാസത്തിൽ പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തെന്ന പരാതിയെത്തുടർന്ന് സുരേഷ്ഗോപി മോട്ടോർ വാഹന വകുപ്പിനു രേഖകൾ നൽകിയിരുന്നുവെങ്കിലും തൃപ്തികരമല്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. എംപിയായ ശേഷവും അതിനു മുൻപുമായി രണ്ടു വാഹനങ്ങളാണ് സുരേഷ്ഗോപി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത്.
പോണ്ടിച്ചേരിയിലെ എല്ലൈപ്പിള്ളച്ചാവിടി, കാർത്തിക് അപ്പാർട്ട്മെന്റ് മൂന്ന് സിഎ എന്ന വിലാസത്തിലായിരുന്നു രജിസ്ട്രേഷൻ. എന്നാൽ ഈ പേരിൽ അപ്പാർട്ട്മെന്റില്ലെന്ന് മോട്ടോർവാഹന വകുപ്പും ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു.