ന്യൂഡൽഹി: ധനകാര്യവർഷം അവസാനിക്കാൻ മൂന്നുനാൾ മാത്രം ശേഷിക്കെ നികുതി പിരിവിന്റെ കാര്യത്തിൽ സർക്കാർ അങ്കലാപ്പിൽ. പ്രത്യക്ഷ നികുതി പിരിവ് ഉദ്ദേശിച്ചതിലും പത്തു ശതമാനമെങ്കിലും കുറവാകുമെന്നാണു സൂചന.ഇതേ തുടർന്നു നികുതി പിരിവ് ഊർജിതമാക്കാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
വ്യക്തികളുടെയും കന്പനികളുടെയും ആദായനികുതിയാണു പ്രത്യക്ഷ നികുതി. ഇതിൽ നിന്നു 12 ലക്ഷം കോടി രൂപയാണു ബജറ്റിൽ പ്രതീക്ഷിച്ചത്. എന്നാൽ മാർച്ച് 27 വരെ ലഭിച്ചത് 10.3 ലക്ഷം കോടി രൂപ മാത്രം.
കുടിശികകളും മറ്റും പിടിച്ച് ലക്ഷ്യത്തിലെത്താൻ തീവ്രശ്രമം നടത്താൻ പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡി (സിബിഡിടി)ലെ റവന്യു അംഗം നീനകുമാർ ഓഫീസർമാരോടു നിർദേശിച്ചു.നികുതി പിരിവ് കുറഞ്ഞാൽ കമ്മി കണക്കുകൾ പാളും. കമ്മി വർധിച്ചാൽ രാജ്യത്തിന്റെ റേറ്റിംഗ് താഴുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകും.
പ്രത്യക്ഷ നികുതി ഇനത്തിൽ 12 ലക്ഷം കോടി രൂപയും പരോക്ഷ നികുതിയിൽ 10.45 ലക്ഷം കോടി രൂപയുമാണ് മാർച്ച് 31നവസാനിക്കുന്ന വർഷത്തേക്ക് കണക്കാക്കിയിരുന്നത്. കഴിഞ്ഞവർഷം ബജറ്റവതരിപ്പിച്ചപ്പോഴത്തെ പ്രതീക്ഷയേക്കാൾ അരലക്ഷം കോടി രൂപ കുറവാണ് പുതുക്കിയ എസ്റ്റിമേറ്റിലേത്. ജിഎസ്ടി പിരിവ് ആദ്യം കണക്കാക്കിയതിലും വളരെ കുറവായതിനാൽ അതിൽനിന്നുള്ള വരവിൽ ഒരു ലക്ഷം കോടി രൂപ കുറച്ചു. കന്പനി നികുതി പിരിവ് കൂടുമെന്ന പ്രതീക്ഷയിൽ അത് അരലക്ഷം കോടി വർധിപ്പിച്ചു.
എന്നാൽ കന്പനിനികുതിയും വ്യക്തിഗത ആദായ നികുതിയും ലക്ഷ്യം കാണുകയില്ലെന്നു വ്യക്തമായി. ജിഎസ്ടി പുതുക്കിയ ലക്ഷ്യവും നേടില്ല.ബജറ്റിലെ ധനകമ്മി 6.34 ലക്ഷം കോടിയാകുമെന്നാണു പുതുക്കിയ എസ്റ്റിമേറ്റിൽ പ്രതീക്ഷിച്ചത്. ആദ്യം 6.24 ലക്ഷം കോടിയായിരുന്നു പ്രതീക്ഷ. ജിഡിപിയുടെ 3.4 ശതമാനം എന്ന പുതുക്കിയ ലക്ഷ്യവും പാളും.
ഓഹരി വില്പന വഴി 80,000 കോടി പ്രതീക്ഷിച്ചിടത്ത് 85,000 കോടി കിട്ടി. റിസർവ് ബാങ്കിൽ നിന്നു ബലമായി 28,000 കോടി രൂപ കൂടി വാങ്ങി. പക്ഷേ ഇതെല്ലാം ചേർത്താലും കമ്മി പ്രതീക്ഷയിൽ ഒതുങ്ങില്ല. കമ്മി മറികടക്കാതിരിക്കാൻ ചെലവിനങ്ങൾ മാറ്റിവച്ച് കണക്ക് കൃത്രിമമാക്കേണ്ടി വരും.