തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നതു തടയാൻ നിർദേശം. ചില പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ വ്യാപകമായി, കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങൾ സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കള്ളടാക്സികൾ മൂലം നികുതി ഇനത്തിൽ സർക്കാരിനു കനത്ത നഷ്ടമാണുണ്ടാകുന്നത്.
സർക്കാരിനോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ ചെലവുചുരുക്കലിന്റെ ഭാഗമായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ അനുമതിയുണ്ട്. ഇതിന്റെ മറവിൽ സ്വകാര്യ വാഹനങ്ങൾ ഇത്തരം സർവീസുകൾ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ , കമ്പനികൾ, ബാങ്കുകൾ തുടങ്ങിയവയിലാണ് ഇങ്ങനെ വൻ തോതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.
കള്ളടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്ന കാര്യം പലർക്കും അറിയില്ലെന്നും മന്ത്രി പറഞ്ഞു.