ന്യൂഡൽഹി: നികുതിവരുമാനം പ്രതീക്ഷയിലും കുറവാകും. ബജറ്റ് കമ്മി പരിധി ലംഘിച്ചേക്കും.ഇതുവരെയുള്ള പ്രത്യക്ഷനികുതി പിരിവിലെ സൂചനകൾ ബജറ്റ് ലക്ഷ്യംകാണില്ലെന്നാണ്. ധനമന്ത്രാലയ ഓഫീസർമാരാണ് ഇതു വാർത്താ ഏജൻസിയോടു സൂചിപ്പിച്ചത്.
പരോക്ഷ നികുതിയായ ജിഎസ്ടി ലക്ഷ്യത്തിനടുത്ത് എത്തില്ലന്നു നേരത്തെതന്നെ വ്യക്തമായിരുന്നു. 2018-19 ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രതീക്ഷിച്ചതു കേന്ദ്രവിഹിതമായി 7,43,900 കോടി രൂപ കിട്ടുമെന്നാണ്. മാസം 1.1 ലക്ഷം കോടി രൂപ വീതം ജിഎസ്ടി ലഭിച്ചാലേ ഇത്രയും കേന്ദ്രവിഹിതം കിട്ടൂ.
അതുണ്ടാകില്ലെന്നു വ്യക്തമായപ്പോൾ ഈ ഫെബ്രുവരി ഒന്നിനു പുതുക്കിയ എസ്റ്റിമേറ്റിൽ ഈ വരുമാനം 6,43,900 കോടി രൂപയായി കുറച്ചു. പക്ഷേ, ഈ ലക്ഷ്യവും സാധിച്ചേക്കില്ല. 2018-19 ൽ രണ്ടു മാസം മാത്രമേ ഒരുലക്ഷം കോടി രൂപയിലധികം നികുതി കിട്ടിയുള്ളു. മിക്കപ്പോഴും 97,000 കോടി രൂപയ്ക്കടുത്താണു പിരിവ്.
പ്രത്യക്ഷ നികുതി 12 ലക്ഷം കോടി കിട്ടുമെന്നാണു ബജറ്റിലും പുതുക്കിയ എസ്റ്റിമേറ്റിലും പ്രതീക്ഷിച്ചത്. എന്നാൽ ഫെബ്രുവരി പകുതിയിൽ നികുതിവരവ് 8.4 ലക്ഷം കോടി രൂപ മാത്രം. ഇതുവരെയുള്ള വർധന 12.2 ശതമാനം. പ്രതീക്ഷിച്ച വർധന 19.8 ശതമാനമാണ്.
മാർച്ചിൽ മുൻകൂർ നികുതി ഇനത്തിൽ നല്ല സംഖ്യ (ഒന്നരലക്ഷം കോടി രൂപ) പ്രതീക്ഷിക്കുന്നുണ്ട്. വർഷാന്ത്യമായതുകൊണ്ടുള്ള നികുതി അടവും പ്രതീക്ഷിക്കുന്നു. എല്ലാംകൂടിയാലും 60,000 കോടി രൂപ കുറവായിരിക്കും എന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
പ്രത്യക്ഷ നികുതിയിലും പരോക്ഷ നികുതിയിലും കൂടി മൊത്തം വരുന്ന കുറവ് ഒരുലക്ഷം കോടിയിലധികം രൂപയാകും. റിസർവ് ബാങ്കിൽനിന്ന് അധികം തുക ലാഭവീതമായി വാങ്ങിയെങ്കിലും കമ്മി പ്രതീക്ഷിച്ചതോതിൽ നിർത്താൻ കഴിയില്ല. 6,34,398 കോടി രൂപയാണു പുതുക്കിയ എസ്റ്റിമേറ്റിൽ പ്രതീക്ഷിച്ച കമ്മി. ഇതു ജിഡിപിയുടെ 3.4 ശതമാനം വരും.
ബജറ്റിലെ പ്രതീക്ഷയിലും കൂടുതൽ കമ്മി വരുന്നതു ബജറ്റിന്റെ വരുംവർഷ കണക്കുകളിലും സംശയം ജനിപ്പിക്കും. കഴിഞ്ഞവർഷം ബജറ്റ് അവതരിപ്പിച്ചപ്പോൾ 3.3 ശതമാനം കമ്മി പ്രതീക്ഷിച്ചതാണ് പിന്നീട് 3.4 ശതമാനമാക്കി കൂട്ടിയത്. അവിടെയും കാര്യങ്ങൾ നിൽക്കാതെ വരുന്നതു ഗവൺമെന്റിനു തിരിച്ചടിയാകും.