ന്യൂഡൽഹി: ഡൽഹി നഗരത്തിൽ ടാക്സി ഡ്രൈവറെ അജ്ഞാതസംഘം കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊന്നു. മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. രാജ്യതലസ്ഥാനത്ത് ഇന്നലെ രാത്രിയുണ്ടായ സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
രാത്രി പതിനൊന്നരയോടെ വസന്തകുഞ്ചിനടുത്ത് മഹിപാൽപുരിലാണ് സംഭവം നടന്നത്. ടാക്സി ഡ്രൈവറായ ഫരീദാബാദ് സ്വദേശി ബിജേന്ദറിനെയാണ് 200 മീറ്ററോളം അജ്ഞാത സംഘം കാറിൽ വലിച്ചിഴച്ചത്.
ദേശീയപാതയിൽ ചോരയിൽ കുളിച്ചു കിടന്ന ഇയാളുടെ മൃതദേഹം കണ്ടവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ബിജേന്ദറിന്റെ കാർ തട്ടിയെടുക്കാൻ വന്ന സംഘമാണ് കൊലയ്ക്കു പിന്നിൽ.
തടയാൻ ശ്രമിച്ച ബിജേന്ദറിനെ ഇവർ കാറിടിപ്പിക്കുകയും തുടർന്ന് ഏറെദൂരം വലിച്ചിഴച്ചശേഷം വണ്ടിയുമായി കടന്നു കളയുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം.
തൊട്ടുപിന്നാലെ വന്നിരുന്ന വാഹനത്തിലെ യാത്രക്കാർ അക്രമത്തിന്റെ വീഡിയോ എടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും ചേർത്ത് പോലീസ് കേസെടുത്തു.