പോത്തൻകോട്: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടാക്സി ഡ്രൈവറെ കാറിലെത്തിയ നാലംഗ സംഘം മർദിച്ചു. നെയ്യാറ്റിൻകര മാവിളകടവ് സ്വദേശി അനൂപിനാണ് മർദനമേറ്റത്.
ബുധനാഴ്ച രാത്രി പത്തരയ്ക്ക് പോത്തൻകോട് വാവറഅമ്പലത്തുവച്ചായിരുന്നു അക്രമം.രാത്രിയിൽ ടെക്നോപാർക്ക് ജീവനക്കാരെ വീട്ടിലേക്ക് കൊണ്ടാക്കാൻ പോകുമ്പോഴായിരുന്നു സംഭവം.
കാറിനുള്ളിൽ ജീവനക്കാരായ സ്ത്രീകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. ആക്രമികളെ തടയാൻ ശ്രമിച്ച ടെക്നോപാർക്ക് ജീവനക്കാരനും മർദ്ദനമേറ്റു. ഇടിവളകൊണ്ടും കരിങ്കൽ കഷണം കൊണ്ടും അനൂപിനെ ക്രൂരമായി മർദിച്ചെന്നാണാരോപണം. യുവാവിന്റെ വാരിയെല്ലിനും തോളെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.
കാറും ആക്രമികൾ തല്ലി തകർത്തു. പോലീസ് എത്തിയപ്പോഴേക്കും ഇവർ ഓടിരക്ഷപ്പെട്ടിരുന്നു. അക്രമികൾ സഞ്ചരിച്ച കാർ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു.
യുവാവിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.