ടാക്സിയിലോ ഓട്ടോറിക്ഷയിലോ യാത്രക്കാർ ബാഗോ മറ്റു സാധനങ്ങളോ മറന്നുവച്ചാൽ എന്താണു സംഭവിക്കുക? നല്ല ഡ്രൈവർമാരാണെങ്കിൽ ഉടമയെ കണ്ടെത്തി തരികെ നൽകുകയോ അതല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയോ ചെയ്യും. ഡ്രൈവറുടെ സത്യസന്ധതകൊണ്ടു ബാഗ് തിരികെ ലഭിച്ചാൽ ഉടമ മതിയായ പാരിതോഷികം നൽകുന്നതും നാട്ടുനടപ്പാണ്.
എന്നാൽ, തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ നടന്ന സംഭവം അറിഞ്ഞാൽ “ഇങ്ങനെയുമുണ്ടോ ആളുകൾ’ എന്നു ചിന്തിച്ചു മൂക്കത്തു വിരൽ വച്ചുപോകും. ഗ്വാങ്ഷൂവിനടുത്തുള്ള ചെറിയൊരു നഗരമാണ് ഷാവോക്കിങ്. അവിടേക്കു പോകാൻ ഒരു യുവതി ടാക്സി കാർ വിളിച്ചു.
ലക്ഷ്യസ്ഥാനത്ത് യാത്രക്കാരിയെ ഇറക്കിയശേഷം ചാർജും വാങ്ങി ഡ്രൈവർ മടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴാണ് തന്റെ ഫോൺ കാറിൽ മറന്നുവച്ചെന്നു യുവതി അറിഞ്ഞത്. ഉടൻ ഡ്രൈവറെ വിളിച്ച് തന്റെ ഫോൺ കൊണ്ടുത്തരണമെന്ന് ആവശ്യപ്പെട്ടു.
50 കിലോമീറ്ററോളം ദൂരെയാണു താനുള്ളതെന്നും തിരികെ വരണമെങ്കിൽ ആയിരം രൂപ തരേണ്ടിവരുമെന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ, യുവതി പണം കൊടുക്കാൻ വിസമ്മതിച്ചു.
ഫോൺ കൊണ്ടുത്തന്നില്ലെങ്കിൽ ഡ്രൈവർ അത് മോഷ്ടിച്ചെന്നു പോലീസിൽ പരാതി നൽകുമെന്ന ഭീഷണിയും മുഴക്കി. “എന്നാൽ പോലീസ് സ്റ്റേഷനിലേക്ക് വാ’ എന്നു പറഞ്ഞ ഡ്രൈവർ, ഫോൺ മറന്നുവച്ചത് എന്റെ കുറ്റമല്ലെന്നും വേണമെങ്കിൽ താൻ നിൽക്കുന്ന സ്ഥലത്തു വന്ന് ഫോൺ വാങ്ങാനും യുവതിയോട് ആവശ്യപ്പെട്ടു.
എണ്ണയടിക്കണമെങ്കിൽ പൈസ കൊടുക്കണമെന്നും ചാരിറ്റിക്ക് വേണ്ടിയല്ല താൻ ടാക്സിയോടിക്കുന്നതെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു. ഇവരുടെ സംഭാഷണം പുറത്തായതോടെ ചൈനീസ് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ച നടന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുവതി സ്വാർഥയാണെന്നാണ് ഏറെപ്പേരും വിമർശിച്ചത്.