കൊല്ലം: 2014 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ച് വര്‍ഷത്തെ നികുതി അടച്ചവര്‍ക്കും ബാക്കി 10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാം.
10 വര്‍ഷത്തെ നികുതിയും 2018 നവംബര്‍ 30 വരെയുള്ള അധിക നികുതിയും പലിശയും ഉള്‍പ്പെടെയുള്ള തുക മൂന്നു ഗഡുക്കളായി അടയ്ക്കാം. ആദ്യഗഡു 30 നകവും രണ്ടാം ഗഡു 2019 ജനുവരി 30 നകവും മൂന്നാം ഗഡു മാര്‍ച്ച് 30 നകവും അടയ്ക്കണം.10 വര്‍ഷത്തെ ബാക്കിയുള്ള നികുതിയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തെ നികുതിയുടെ 50 ശതമാനം ആണ് അധിക നികുതി. 10 വര്‍ഷത്തെ ആകെ നികുതിയുടെ 15 ശതമാനമാണ് പലിശ.
മോട്ടര്‍ ക്യാബ് ടൂറിസ്റ്റ് ടാക്സി എന്നിവയ്ക്കുള്ള ബാക്കി 10 വര്‍ഷത്തെ നികുതി ഒരുമിച്ചോ തവണകളായോ അടയ്ക്കാം. ആദ്യ ഗഡു 30 നകം അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കില്ല. വാഹനങ്ങള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കും. നിലവില്‍ റവന്യൂ റിക്കവറി എടുത്ത കേസുകളില്‍ തവണ സൗകര്യം പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികള്‍ ഒഴിവാക്കുന്നതിന് നിശ്ചിത ഫീസ് റവന്യൂ വകുപ്പില്‍ ഒടുക്കണം.
തവണ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ ബാക്കി നികുതിയും നികുതി അടയ്ക്കുന്നതുവരെയുള്ള അധിക നികുതി, പലിശ എന്നിവയും ഉള്‍പ്പെടെയുള്ള തുക ചേര്‍ത്ത് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി. സജിത്ത് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ആര്.ഡി ബുക്കിന്റെ അസല്‍ പകര്‍പ്പുമായി ആര്.ടി.ഒ ഓഫീസില്‍ എത്തണം.