തൃശൂർ: കൊറോണക്കാലത്ത് കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിനു സെക്ടറൽ മജിസ്ട്രേറ്റിന്റെ ആവശ്യത്തിനായി ഓടിയ വാഹനങ്ങളുടെ വാടകക്കുടിശിക കിട്ടാതെ ഡ്രൈവർമാർ. ജൂലൈ, ഓഗസ്റ്റ് മാസത്തെ തുകയാണു കിട്ടാത്തത്.
കോവിഡ് കാലത്ത് ഓട്ടം ലഭിക്കാതെ ദുരിതമനുഭവിച്ചിരുന്ന ഘട്ടത്തിലാണു ജില്ലാ ഭരണ കൂടത്തിന്റെ ആവശ്യപ്രകാരം താലൂക്ക് തലത്തിൽ സെക്ടറൽ മജിസ്ട്രേറ്റിന്റെ ആവശ്യത്തിനായി ടാക്സികൾ ഓടിച്ചത്.
കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തലായിരുന്നു സെക്ടറൽ മജിസ്ട്രേറ്റിന്റെ ചുമതല. മാസം 38,000 രൂപയാണ് ഓരു വാഹനത്തിന് നൽകാമെന്ന് ഉറപ്പു നൽകിയിരുന്നത്.
ഇന്ധനച്ചെലവും മെയിന്റനൻസ് ചെലവും കഴിഞ്ഞാൽ 10,000 രൂപയേ ഡ്രൈവർക്കു കിട്ടിയിരുന്നുള്ളൂ. ഈ തുകയാണു രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത്.
വാടകക്കുടിശിക എത്രയും വേഗം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണു മുന്നിലുള്ളതെന്ന് ഡ്രൈവർമാർ പറയുന്നു.