കറുകച്ചാൽ: തീപിടിച്ച് ടയർ കട ഭാഗികമായി കത്തിനശിച്ചു. കറുകച്ചാൽ-വാഴൂർ റോഡിൽ സെൻട്രൽ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കൂത്രപ്പള്ളി പൂവത്തുംമൂട്ടിൽ ജോസുകുട്ടിയുടെ ഉടമസ്ഥതയിലുള്ള ജെ.ജെ. ടയേഴ്സ് എന്ന കടയ്ക്കാണു ഇന്നു പുലർച്ചെ ആറിനു തീപിടിത്തമുണ്ടായത്. കടയുടെ മധ്യഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നതു കണ്ടു വഴിയാത്രക്കാർ കറുകച്ചാൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് അറിയിച്ചതനുസരിച്ചു പാന്പാടിയിൽനിന്നു രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു. അരമണിക്കൂറോളം സമയമെടുത്താണു തീയണച്ചത്. തീയണയ്ക്കുന്നതിനിടയിൽ ഗ്ലാസ് പൊട്ടിവീണു ഫയർമാൻ രമേശന്റെ നെറ്റിക്കു പരിക്കേറ്റു.
കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ടയറുകൾ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ട്. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും 50,000രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. കടയുടമ സ്ഥലത്തെത്തിയശേഷം മാത്രമേ നഷ്ടത്തിന്റെ കണക്ക് വ്യക്തമാകുകയുള്ളൂ.
പാന്പാടി ഫയർഫോഴ്സ് സ്റ്റേഷൻ മാസ്റ്റർ എം.ജി. സതീഷ്, അസി. സ്റ്റേഷൻ മാസ്റ്റർ വി.വി. സുധികുമാർ, ഫയർമാൻമാരായ സജി, ഷാജി, വിനീത് എന്നിവരുടെ നേതൃത്വത്തിലാണു തീയണച്ചത്. സംഭവമറിഞ്ഞ് പ്രദേശത്ത് നിരവധിയാളുകൾ തടിച്ചുകൂടിയിരുന്നു.