ജോമി കുര്യാക്കോസ്
നേരത്തെയും കൃത്യമായും രോഗനിർണയം നടത്തുന്നത് ക്ഷയ രോഗനിയന്ത്രണത്തിൽ പ്രധാനമാണ്. കഫപരിശോധനയാണ് രോഗനിർണയത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. എക്സ്റേ പരിശോധനയും സഹായകമാകാറുണ്ട്. നിലവിലുള്ള പ്രധാന ടെസ്റ്റുകൾ കഫപരിശോധന അഥവാ സ്പൂട്ടം മൈക്രോസ്കോപ്പി, ന്യൂക്ളിക് ആസിഡ് ആംപ്ളിഫിക്കേഷൻ ടെസ്റ്റുകൾ, കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ്.
ശ്വാസകോശേതര ക്ഷയരോഗ നിർണയത്തിന് അതത് ഭാഗങ്ങളിൽനിന്നുള്ള സാന്പിളുകൾ ജീൻ എക്സ്പർട്ട് മുഖേനയും, ഹിസ്റ്റോപത്തോളജി പരിശോധന മുഖേനയും ഉപയോഗിക്കാവുന്നതാണ്. കൃത്യമായ രോഗനിർണയം, മേൽത്തരം മരുന്നുകൾ, മുടങ്ങാതെയുള്ള മരുന്നുവിതരണം, കൃത്യമായ മേൽനോട്ടം, കൃത്യമായ ഡാറ്റാ ശേഖരണം എന്നിവയാണ് അത്യാവശ്യമായി ചെയ്യേണ്ടത്.
അസുഖമുള്ളവരിൽ 90 ശതമാനം പേരെയും കണ്ടെത്തുകയും, അവരിലെ 90 ശതമാനം പേരെയെങ്കിലും രോഗവിമുക്തമാക്കുകയും ചെയ്യുക എന്നതാണ്. പടിപടിയായി രോഗം കുറച്ചുകൊണ്ടുവന്ന് ലക്ഷ്യത്തിൽ എത്താനാണ് ശ്രമിക്കുന്നത്. ഈ പദ്ധതിയിൽ രോഗിയെ ഒരു വിശിഷ്ടവ്യക്തിയായാണു പരിഗണിക്കുന്നത്. രോഗനിർണയവും ചികിത്സയും തികച്ചും സൗജന്യമാണ്.
ആറുമുതൽ എട്ടു മാസംവരെ നീളുന്ന ഇടവിട്ടുള്ള ദിവസങ്ങളിലുള്ള ഹ്രസ്വകാല ചികിത്സയാണ് ഈ പദ്ധതിപ്രകാരം രോഗികൾക്ക് നൽകുന്നത്. ഇതുമുഖേന കഴിഞ്ഞ ഒന്നരദശകങ്ങളിലായി നല്ലൊരു പങ്ക് രോഗികളെ ചികിത്സിച്ച് രോഗവിമുക്തരാക്കാൻ സാധിച്ചിട്ടുണ്ട്.
ക്ഷയരോഗത്തിനു നൽകുന്ന ഒന്നാംനിര മരുന്നുകളെ ചെറുക്കാൻ കെൽപ്പുള്ള രോഗാണുക്കളാണ്, രണ്ടുവർഷം നീളുന്ന രണ്ടാംനിര മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് എംഡിആർ ടിബിക്ക് നൽകുന്നത്. രണ്ടാംനിര മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയകളാണ് എക്സ്റ്റൻസീവ്ലി ഡ്രഗ് റെസിസ്റ്റന്റ് ടിബി അഥവാ എക്സ്ഡിആർ ടിബി ഉണ്ടാക്കുന്നത്. ഇതിനുള്ള ചികിത്സയും സൗജന്യമായി ഗവണ്മെന്റ് തലത്തിൽ ചെയ്തുവരുന്നുണ്ട്.
ആദ്യമായി ടിബി രോഗം വരുന്പോൾ മുടക്കംകൂടാതെ മരുന്നുകഴിച്ചില്ലെങ്കിൽ ഡ്രഗ് റെസിസ്റ്റന്റ് ടിബി വരാൻ സാധ്യത കൂടുതലാണ്.എച്ച്ഐവി രോഗബാധിതരിലെ ടിബി രോഗവും ടിബി നിയന്ത്രണത്തിനു വിഘാതമാകുന്നുണ്ട്. രോഗബാധിതരെ കൃത്യമായി ചികിത്സിച്ച് രോഗപ്പകർച്ച തടയുന്നതുവഴി മാത്രമെ ടിബി നിയന്ത്രിച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളു.
ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിൽ കൃത്യമായ ചികിത്സവഴി രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നതായി കണ്ടുവരുന്നു. കൃത്യസമയത്തുള്ള രോഗനിർണയവും, കൃത്യമായ മരുന്നുകളും, കൃത്യമായ നിരീക്ഷണവും വഴി രോഗ സാന്ദ്രത കുറച്ചുകൊണ്ടുവരാം.
വായുവിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ക്ഷയരോഗം ഉള്ളയാൾ ചുമയ്ക്കുകയോ, തുമ്മുകയോ, സംസാരിക്കുകയോ ചെയ്യുന്പോൾ രോഗാണുക്കൾ വായുവിലൂടെ അടുത്തുനിൽക്കുന്നയാളുടെ ശ്വാസകോശത്തിൽ എത്തുന്നു. രോഗാണുക്കളുടെ സാന്നിധ്യം മാത്രം ഒരാളിൽ രോഗമുണ്ടാക്കില്ല. ചില സന്ദർഭങ്ങളിൽ രോഗാണു ബാധയേൽക്കുന്ന ആളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ദുർബലമാകുകയും രോഗാണുക്കളെ ചെറുക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്പോഴാണ് അയാൾ രോഗബാധിതനാകുന്നത്.
എച്ച്ഐവി രോഗബാധ, അനിയന്ത്രിതമായ പ്രമേഹം എന്നിവയുള്ളവരുടെ രോഗപ്രതിരോധ സംവിധാനം പ്രവർത്തിക്കാതിരിക്കുകയും ഇത്തരക്കാർ എളുപ്പത്തിൽ രോഗത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമയാണു പ്രധാന ലക്ഷണം. ചിലരിൽ ചുമച്ച് തുപ്പുന്പോൾ രക്തവും കണ്ടേക്കാം. രാത്രികാലങ്ങളിൽ വിട്ടുമാറാത്ത പനി, ശരീരം മെലിച്ചിൽ, ഭാരം കുറയൽ, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ എന്നിവയും രോഗലക്ഷണങ്ങളാണ്.
പൊതുവേ, നഖം, മുടി എന്നിവയൊഴികെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഈ രോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇത്തരം ടിബിയിൽ വളരെ സാധാരണം കഴുത്തിന്റെ ഭാഗമായ ലസികാ ഗ്രന്ഥികളിൽ ഉണ്ടാവുന്ന ടിബിയാണ്. കഴുത്തിന്റെ ഒരു ഭാഗത്ത് കാണപ്പെടുന്ന മുഴകളാണു പ്രധാന ലക്ഷണം. തലച്ചോറ്, അസ്ഥി, കുടൽ തുടങ്ങി ശരീരത്തിന്റെ ഏത് ഭാഗത്തെയും രോഗം പിടികൂടാം. ഇത് താരതമ്യേന അപൂർവമാണ്.
ചികിത്സയുടെ ആദ്യപടി രോഗ നിർണയമാണ്. ശ്വാസകോശ രോഗത്തിന്റെ കാര്യത്തിൽ കഫ പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രണ്ടാഴ്ചയിൽ കൂടുതൽ കഫത്തോട് കൂടിയ ചുമ കാണുന്ന പക്ഷം ഉടൻ തന്നെ ഡോക്ടറെ സമീപിച്ചു കഫ പരിശോധന നടത്തണം. മിക്ക സർക്കാർ ആശുപത്രികളിലും ഇതിന് സംവിധാനമുണ്ട്.
സാധാരണഗതിയിൽ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി നിശ്ചിത കാലയളവിൽ കഴിക്കുകയാണെങ്കിൽ രോഗം പൂർണമായി മറ്റിയെടുക്കാവുന്നതാണ്. ചികിത്സ ആരംഭിക്കുന്നതോടെ തന്നെ രോഗം മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യത കുറയുന്നു. രോഗം പിടിപെട്ടയാൾ ചുമയ്ക്കുന്പോൾ എപ്പോഴും വൃത്തിയുള്ള തുണിയേ ടവ്വലോ ഉപയോഗിച്ച് വായഭാഗം പൊത്തിപ്പിടിച്ചു വേണം ചുമയ്ക്കാൻ.
ചുമയ്ക്കുന്പോൾ പുറത്തുവരുന്ന കഫം മറ്റുള്ളവർക്ക് പകരാത്തരീതിയിൽ കുഴിച്ചു മൂടുകയോ കത്തിച്ചുകളയുയോ ചെയ്യണം. ആരോഗ്യം കുറഞ്ഞവരുമായും കുട്ടികളുമായുമുള്ള സന്പർക്കം പൂർണമായി ഒഴിവാക്കണം. വൃത്തിയുള്ളതും ധാരാളം വായുകടക്കുന്നതുമായ സ്ഥലങ്ങളാണ് രോഗിക്ക് അനുയോജ്യം. വീട്ടിലുള്ള മറ്റംഗങ്ങൾ സംശയം തോന്നിയാൽ കഫ പരിശോധന നടത്തി ആവശ്യമെങ്കിൽ ചികിത്സതേടണം.
രോഗിക്ക് പ്രമേഹം ഉണ്ടെങ്കിൽ പ്രമേഹ നിയന്ത്രണവും ചികിത്സയും ഗൗരവത്തോടെ കാണണമെന്ന് ഐഎംഎ കോട്ടയം ടിബി കോ ഓർഡിനേറ്റർ ഡോ. ജി. ഹരിഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.രോഗ ചികിത്സ സൗജന്യ മരുന്ന് ലഭ്യത ഇല്ലാത്തപക്ഷം ചികിത്സാ ചെലവ് കൂടുതലായതിനാൽ ദീർഘകാല ചികിത്സക്ക് മുതിരാതെ പലരും ഇടയ്ക്കുവച്ച് മരുന്ന് ഉപേക്ഷിക്കുന്നതായി കാണുന്നുണ്ട്.
പുകവലി, മദ്യപാനം തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങൾ ഉപേക്ഷിക്കുകയും സമീകൃതാഹാരം, ശുചിത്വം, വ്യായാമം തുടങ്ങിയവയിലൂടെ രോഗപ്രതിരോധ ശേഷി നേടുകയാണ് രോഗം വരാതിരിക്കാനുള്ള പ്രധാനമാർഗം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എല്ലാ മൂന്നു സെക്കന്ഡിലും രണ്ടു പേർ ക്ഷയം മൂലം മരണപ്പെടുന്നു.
ഭാരതത്തിലെ കണക്കനുസരിച്ച് ഒരു ദിവസം 600ൽ കൂടുതൽ പേർ മരണപ്പെടുന്നു. ഒരു വർഷം ആറു ലക്ഷത്തിൽ കൂടുതൽ പേർ ടിബി രോഗം കൊണ്ട് മരിക്കുന്നു. കേരളത്തിൽ 20ൽ കൂടുതൽ പേർ ക്ഷയം കൊണ്ടു മാസവും മരിക്കുന്നു.രോഗം കൂടുതലായി കുടുംബം പരിപാലിക്കേണ്ട പ്രായക്കാരായ 15നും 45നും വയസിനിടയിലുള്ളവരിലാണു കാണുന്നത്. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർ, പാവപ്പെട്ടവർ എന്നിവരിലും ഇതു കൂടുതലായി കാണപ്പെടുന്നു.
കൂടുതൽ അംഗസംഖ്യയുള്ള വീടുകളിൽ തിങ്ങി പാർക്കുകയും അടച്ചിട്ട വീടുകളിൽ താമസിക്കുന്നവരിലും ഈ രോഗം വേഗം പിടിപെടുന്നു. ഇവിടെ ക്ഷയരോഗമുള്ളവർ ചികിത്സയെടുക്കാതെ മറ്റുള്ളവർക്ക് രോഗം പടർത്തുന്നു. പ്രാഥമികമായി ഈ രോഗം കണ്ടുപിടിക്കുന്പോൾ ശരിയായി ചികിത്സ നടത്തണം. ഇതു ചെയ്യാതെ വരുന്പോൾ പലപ്പോഴും രോഗം മൂർച്ഛിക്കുന്നു.