ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യം. ക്ഷയരോഗ ചികിത്സ 6-8 മാസം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ്.
പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ക്ഷയരോഗ ചികിത്സാ പദ്ധതിയെ ഡോട് (ഡയക്റ്റ്ലി ഒബ്സേർവ്ഡ് തെറാപ്പി)എന്നു പറയുന്നു.
എന്താണ് ഡോട് ചികിത്സ
രോഗിക്കു സൗകര്യമായ സമയത്തും സ്ഥലത്തും വച്ച് ഒരു ആരോഗ്യപ്രവർത്തകന്റെയോ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ (ട്രീറ്റ്മെന്റ് സപ്പോർട്ടർ) നേരിട്ടുള്ള നിരീക്ഷണത്തിൽ എല്ലാ ദിവസവും മരുന്നുകൾ നല്കുന്ന രീതിയാണ് ഡോട്. ക്ഷയരോഗചികിത്സ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രോഗം ഭേദമാക്കുകയാണു ലക്ഷ്യം.
ചികിത്സ സൗജന്യം
എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ ചികിത്സ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും സൗജന്യമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും നടപ്പാക്കിവരുന്നു.
മരുന്നു മുടക്കിയാൽ പ്രശ്നമുണ്ടോ?
ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കോഴ്സ് പൂർത്തിയാകും വരെ കൃത്യമായി കഴിക്കേണ്ടതു പ്രധാനമാണ്. മരുന്നുകൾ കൃത്യമായി കഴിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം മൂർച്ഛിക്കുകയും മരുന്നുകളെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള ക്ഷയരോഗാവസ്ഥയ്ക്ക് ഡ്രഗ് റസിസ്റ്റന്റ് ടിബി – കാരണമാവുകയും ചെയ്യും.
ഇത്തരം രോഗികളിൽ നിന്നു മറ്റുള്ളവരിലേക്കു പകരുന്നതും അപ്രകാരം മരുന്നുകളെ പ്രതിരോധിക്കുന്ന തരം ടിബി ആയിരിക്കാം.
ചികിത്സയ്ക്കിടെ മദ്യപിച്ചാൽ…?
മദ്യപാനം, പുകവലി, മറ്റു ലഹരി പദാർഥങ്ങൾ എന്നിവയുടെ ഉപയോഗം ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പൂർണമായും ഒഴിവാക്കേണ്ടതാണ്.
ചികിത്സ സ്വയം നിർത്തിയാൽ…
ചികിത്സ തുടങ്ങി 2-3 മാസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കുറഞ്ഞുവരാം. എന്നാൽ രോഗം ഭേദമായി എന്നു കരുതി രോഗി ചികിത്സ സ്വയം നിർത്തിയാൽ പിന്നീടു രോഗം മൂർച്ഛിക്കാനും ഡ്രഗ് റസിസ്റ്റന്റ് ടിബി ആകാനും സാധ്യതയുണ്ട്.
പാർശ്വഫലമുണ്ടായാൽ മരുന്നു നിർത്താണോ?
ക്ഷയരോഗത്തിനുള്ള മരുന്നു കഴിക്കുന്നവരിൽ പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു ചികിത്സിക്കുന്ന ഡോക്ടറുമായി പങ്കുവയ്ക്കുക. പാർശ്വഫലങ്ങൾ കാരണം മരുന്ന് ഒരു കാരണവശാലും മുടക്കരുത്.
പ്രമേഹ – ശ്വാസകോശ രോഗികളുടെ ശ്രദ്ധയ്ക്ക്
പ്രമേഹം, ശ്വാസകോശ പ്രമേഹം, ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ എന്നിവയുള്ള ക്ഷയരോഗബാധിതർ ക്ഷയരോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നതിനൊടൊപ്പം തന്നെ ഈ രോഗങ്ങൾക്കുള്ള മരുന്നുകൾ കൂടി കൃത്യമായി മുടക്കമില്ലാതെ കഴിക്കേണ്ടതാണ്.
പ്രമേഹം പോലെയുള്ള ജീവിതശൈലീ രോഗമുള്ളവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം വരാൻ സാധ്യത കൂടുതലാണ്.
* ചികിത്സയ്ക്കിടയിൽ നിർദേശിക്കുന്ന കഫപരിശോധനകൾ കൃത്യസമയങ്ങളിൽ തന്നെ നടത്തുക.
ഉറപ്പാക്കാൻ മിസ്ഡ് കോൾ
ഡോട് ചികിത്സ സന്പൂർണ ചികിത്സാവിജയം ഉറപ്പുവരുത്തുന്നുവിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ചികിത്സ ഇടയ്ക്കുവച്ച് നിർത്തുന്നില്ല എന്ന സ്ഥിരീകരിക്കുന്നു. മരുന്നു സ്ട്രിപ്പിൽ നിന്നു ഗുളിക എടുക്കുന്പോൾ അതിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്ന ടോൾ ഫ്രീ നന്പറിലേക്ക് രജിസ്റ്റർ ചെയ്ത നന്പറിൽ നിന്നു മിസ്ഡ് കോൾ നൽകുന്നു.
ഇത് രോഗി മരുന്നു കഴിച്ചു എന്ന് ഉറപ്പാക്കുന്നു. മരുന്നു മുടക്കിയാൽ രോഗിക്കും രോഗിയുടെ ചികിത്സാദായകർക്കും എസ്എംഎസ് വഴി മുന്നറിയിപ്പു നല്കുന്നു
* ഈ പദ്ധതി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്ന് രോഗിയുടെ സ്വകാര്യത സംരക്ഷിക്കപ്പെട്ടുകൊണ്ട് ചികിത്സാവിജയം ഉറപ്പുവരുത്തുന്നു.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, വയനാട്
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.